മൂന്നാര്‍ ദേവികുളം റോഡിലെ മണ്ണിടിച്ചില്‍; കാലാവസ്ഥ അനുകൂലമായാല്‍ മണ്ണ് നീക്കുന്ന ജോലികള്‍ ആരംഭിക്കും

മൂന്നാര്‍: വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ദേശിയപാത85ന്റെ ഭാഗമായ മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ എടുത്തേക്കുമെന്ന് വിലയിരുത്തല്‍. ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം ഉണ്ടായ മലയിടിച്ചിലില്‍ വലിയ അളവിലുള്ള മണ്ണാണ്ണ് റോഡിലേക്കും റോഡിന് താഴ് ഭാഗത്തേക്കും ഇടിഞ്ഞെത്തിയിട്ടുള്ളത്. അപ്പുറമിപ്പുറം കാണാനാകാത്ത വിധം റോഡിലേക്ക് മണ്ണിടിഞ്ഞെത്തിയിട്ടുണ്ട്.
ദേശിയപാത വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ ദേവികുളം സബ് കളക്ടറുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായിട്ടുള്ളത്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമെ മണ്ണ് നീക്കുന്ന ജോലികള്‍ ആരംഭിക്കാനാകുവെന്ന് സബ് കളക്ടര്‍ വി എം ജയകൃഷ്ണന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ ഹൈവേ അതോററ്റി ഓഫ് ഇന്ത്യയുമായി ആശയവിനിമയം നടത്തിയതായും മണ്ണ് നീക്കാന്‍ എസ്ക്കവേറ്ററുകളാണ് ആവശ്യമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.
2018ലും മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം സമാന രീതിയില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്നാര്‍ മേഖലയില്‍ പെയ്ത ശക്തമായ മഴക്ക് ഇന്ന് കുറവ് വന്നിട്ടുണ്ട്.