ചിന്നാര്‍ സ്‌മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്; മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തെ ഭൂമികൂടി വൈദ്യുതി വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യം

അടിമാലി: പനംകുട്ടിയില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് ചിന്നാര്‍ സ്‌മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മാണജോലികള്‍ നടന്നു വരുന്നത്. പെന്‍സ്റ്റോക്ക് സ്ഥാപിക്കാനുള്ള നടപടികളും പവര്‍ഹൗസിന്റെ നിര്‍മ്മാണ ജോലികളും പുരോഗമിക്കുന്നുന്നുണ്ട്. വലിയ ചരിവുള്ള പ്രദേശത്താണ് നിര്‍മ്മാണ ജോലികള്‍ നടക്കുന്നത്. ഈ ഭാഗത്ത് മണ്ണിന് കാര്യമായ ഉറപ്പില്ലെന്നും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുവെന്നുമാണ് കുടുംബങ്ങളുടെ വാദം.
ഇക്കാരണം കൊണ്ടു തന്നെ നിര്‍മ്മാണജോലികള്‍ നടക്കുന്നതിന് സമീപം ഇടിച്ചില്‍ ഭീഷണി നേരിടുന്ന ഭാഗത്തെ കുടുംബങ്ങളുടെ ഭൂമി കൂടി വൈദ്യുതി വകുപ്പ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തെ പതിനൊന്നോളം കുടുംബങ്ങള്‍ ഈ വിഷയങ്ങള്‍ ചൂണ്ടികാട്ടി ജില്ലാഭരണകൂടത്തിനടക്കം വിവിധയിടങ്ങളില്‍ പരാതികള്‍ സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയേയും കുടുംബങ്ങള്‍ സമീപിച്ചിരുന്നു.
കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഐ ഐ റ്റിയില്‍ നിന്നുള്ള സംഘമിന്ന് പ്രദേശത്ത് സന്ദര്‍ശനം നടത്തി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലടക്കം സംഘം സന്ദര്‍ശിച്ചു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സന്ദര്‍ശനസംഘം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്ത് തുടര്‍ ജീവിതം സാധ്യമല്ലെന്നാണ് പരാതി ഉന്നയിക്കുന്ന കുടുംബങ്ങളുടെ വാദം.