
അടിമാലി: കോതമംഗലം യല്‍ദോ മോര്‍ ബസേലിയോസ് ബാബയുടെ കബറിങ്കലേക്ക് ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥയാത്ര ഈ മാസം 30നാരംഭിക്കും. നാല്‍പ്പത്തൊന്നാമത്തെ കാല്‍നട തീര്‍ത്ഥയാത്രയാണ് ഇത്തവണത്തേത്. ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥയാത്ര മുപ്പതിന് രാവിലെ 6.30 ന് വി.കുര്‍ബ്ബാനക്ക് ശേഷം കോവില്‍ക്കടവ് സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നും നെടുങ്കണ്ടം സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയില്‍ നിന്നും ആരംഭിക്കും. വിവിധ ഇടങ്ങളില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥയാത്ര അടുത്ത മാസം 1ന് അടിമാലിയില്‍ സംഗമിക്കും. തുടര്‍ന്ന് രണ്ടിന് പുലര്‍ച്ചെ അടിമാലി സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നിന്ന് തീര്‍ത്ഥയാത്ര കോതമംഗലത്തേക്ക് പുറപ്പെടുമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ അത്താനാസിയോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തീര്‍ത്ഥ യാത്രകള്‍ അടിമാലിയില്‍ സംഗമിച്ച ശേഷം ഒക്ടോബര്‍ ഒന്നിന് വൈകിട്ട് അടിമാലിയില്‍ പാലക്കാടന്‍ പി വി വറുഗീസ് വൈദ്യന്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് വിതരണം നടക്കും. കാല്‍നട തീര്‍ത്ഥയാത്ര അടുത്തമാസം 2ന് വൈകിട്ട് കോതമംഗലം യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ കബറിങ്കല്‍ എത്തിച്ചേരുകയും വഴിപാട് അര്‍പ്പിച്ച് പിരിയുകയും ചെയ്യും. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യാക്കോബായ സഭ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്താക്കൊപ്പം ഐസക്ക് എബ്രഹാം കോറെപ്പിസ്‌ക്കോപ്പ മേനോത്തുമാലില്‍, ഫാ.ഡോ.പി വി റെജി, ഫാ.ബാബു സി യു ചാത്തനാട്ട്, എം പി വര്‍ഗ്ഗീസ് മോളത്ത്, വര്‍ഗ്ഗീസ് മാത്യു മുള്ളന്‍ച്ചിറയില്‍, കെ എം കുര്യാക്കോസ് കുറ്റിശ്രക്കുടിയില്‍, പി ജെ ജോസഫ് പടിപ്പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.