അടിമാലി ടൗണില്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം

അടിമാലി: അടിമാലി ടൗണില്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടി വേണമെന്ന് ആവശ്യം. ടൗണില്‍ ദേശിയപാതയോരത്തോട് ചേര്‍ന്നാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് പ്രദേശം പ്രകാശപൂരിതമാക്കണമെന്നാണ് ആവശ്യം. മുമ്പ് സ്‌കൂളിന്റെ പ്രവേശന കവാടത്തിന് സമീപം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. പിന്നീടിത് നീക്കം ചെയ്്തു.
രാത്രി ഈ പ്രദേശമാകെ കൂരാകൂരിരുട്ടില്‍ മുങ്ങുന്ന സാഹചര്യത്തിലാണ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്. ടൗണില്‍ തിരക്കൊഴിയുന്നതോടെ വിജനമാകുന്ന പ്രദേശം കൂടിയാണ് സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരം. സ്‌കൂളിന് മുന്‍ഭാഗത്ത് ദേശിയപാതയോരത്ത് ഭക്ഷണമാലിന്യം തള്ളുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ പരാതി ഉയര്‍ന്നിരുന്നു. പ്രദേശത്തെ ഇരുട്ട് മറയാക്കിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന ആക്ഷേപവുമുയരുന്നു.ഈ സാഹചര്യത്തിലാണ് പ്രദേശം പ്രകാശപൂരിതമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.