
ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത ദിനമായി രേഖപ്പെടുത്തിയ മറ്റൊരു ദിനം. 1945 ഓഗസ്റ്റ് 6-നു ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിനുശേഷം നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബിട്ടതിന്റെ വാർഷികമാണിന്ന്.
1945 ഓഗസ്റ്റ് 9. എൺപതു വർഷങ്ങൾക്കു മുമ്പ് ഇന്നേ ദിവസമാണ് ജപ്പാനിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിക്കുന്നത്. ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിന്റെ നടുക്കം മാറുന്നതിന് മുൻപായിരുന്നു നാഗസാക്കിയെയും അമേരിക്ക കണ്ണീർക്കയത്തിലാക്കിയത്. 4630കിലോ ടൺ ഭാരവും ഉഗ്ര സ്‌ഫോടകശേഷിയുമുള്ള ഫാറ്റ്മാൻ എന്ന പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ ചുട്ടുചാമ്പലാക്കിയത്. ഹിരോഷിമയിൽ ഓഗസ്റ്റ് ആറിന് ലിറ്റിൽ ബോയ് എന്ന യുറേനിയം അണുബോംബിട്ടതിനുശേഷവും രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്നായിരുന്നു പ്ലൂട്ടോണിയം ബോംബിന്റെ പ്രയോഗം. 80,000ത്തോളം മനുഷ്യ ജീവനുകൾ മണ്ണോടുചേർന്നു. സ്‌ഫോടനത്തിന്റെ ആഘാതം മൂലം നാഗസാക്കിയിലെ താപനില 4000 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരേക്കാൾ ഭീകരമായിരുന്നു അതിനെ അതിജീവിച്ചവരുടെ പിൽക്കാല ജീവിതം. ”ഹിബാകുഷ” എന്നറിയപ്പെടുന്ന അണുബോംബിനെ അതിജീവിച്ചവർ റേഡിയേഷന്റെ ആരോഗ്യപ്രശ്‌നങ്ങൾ ഇന്നും നേരിടുന്നു. നാഗസാക്കി ദിനം വെറുമൊരു അനുസ്മരണമല്ല. ആണവായുധങ്ങളുടെ ഭീകരതയേയും യുദ്ധങ്ങളുടെ കെടുതികളെയും കുറിച്ച് ലോകത്തെ അത് നിരന്തരം ഓർമ്മിപ്പിക്കുന്നു. സമാധാനമാണ് ലോകത്തിന്റെ നിലനിൽപിന് അനിവാര്യമെന്നും നാഗസാക്കിയിലേയും ഹിരോഷിമയിലേയും ദുരന്തങ്ങൾ പോലെ മറ്റൊന്നും ലോകത്ത് ഇനി ആവർത്തിക്കരുതെന്നുമുള്ള ഓർമ്മപ്പെടുത്തലുകളോടെയാണ് നാഗസാക്കി ദിനം കടന്നുപോകുന്നത്