HealthKeralaLifestyleLocal news

ഇടുക്കി ജില്ലയില്‍ ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണം പെരുകുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

വേനല്‍ ശക്തമായതോടെ ഇടുക്കി ജില്ലയില്‍ ചിക്കന്‍പോക്‌സ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ശുദ്ധജലത്തിന് ദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങിയതോടെ ജലജന്യ രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ മാസം 50 പേര്‍ക്കാണ് ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം 72 പേര്‍ക്കും ചിക്കന്‍പോക്‌സ് പിടിപെട്ടിരുന്നു.
ചൂടു കൂടിയതോടെയാണു ചിക്കന്‍ പോക്‌സ് കൂടുതലായി കണ്ടുതുടങ്ങിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്

പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് തുടക്കം. പിന്നീട് ശരീരത്ത് കുമിളകള്‍ ഉണ്ടാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്. രോഗബാധിതനായ ആളിന്റെ സാമീപ്യം വഴിയും രോഗം പകരും. വായുവില്‍ക്കൂടി പകരുന്ന രോഗമായതിനാല്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവില്‍ അണുക്കള്‍ കലരാന്‍ ഇടയാകുന്നു. കൂടാതെ, കുമിളകളില്‍ നിന്നുള്ള സ്രവം പറ്റുന്നതു വഴിയും രോഗം പകരാം. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണം. രോഗി മറ്റുള്ളവരുമായി അടുത്തിടപഴകരുത്. ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങളും വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.  കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയാണ് ഇതില്‍ പ്രധാനം. ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതാണ് ജലജന്യ രോഗങ്ങള്‍ക്ക് കാരണം.

പനിയും മുണ്ടിനീരും മറ്റ് രോഗങ്ങളും കുറവല്ല

വയറിളക്ക രോഗങ്ങളെത്തുടര്‍ന്ന് 473 പേര്‍ ഈ മാസം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം 774 പേരാണ് ചികിത്സ തേടിയത്. കുട്ടികള്‍ക്കിടയില്‍ വ്യാപകമായി  മുണ്ടിനീരും പടരുന്നുണ്ട്. ജില്ലയില്‍ ഈ മാസം 19 വരെ 130 പേര്‍ക്കും ഈ വര്‍ഷം 272 പേര്‍ക്കും മുണ്ടിനീര് സ്ഥിരീകരിച്ചു. വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുക. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. വൈറല്‍ പനിയും ജില്ലയില്‍ വ്യാപകമായി പടരുന്നുണ്ട്. ഈ മാസം 19 വരെ 3401 പേര്‍ക്കാണ് വൈറല്‍ പനി പിടിപെട്ടത്. കഴിഞ്ഞ മാസം 5988 പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ വൈറല്‍ പനി ബാധിച്ച് ചികില്‍സ തേടി എത്തിയതായാണ് കണക്ക്.https://keralaonemalayalam.com/index.php/5177/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!