യുഡിഎഫ് ഭരിക്കുന്ന ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം

യുഡിഎഫ് ഭരിക്കുന്ന ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിൽ പഞ്ചായത്ത് തെരത്തെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം. യുഡിഎഫിനായി വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് സിപിഐ എം പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന ജീവനക്കാരനെ ഉപരോധിച്ചു.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ 5, 9, 11, 12, 15, 16 വാർഡുകളിൽ വ്യാപകമായി കള്ളവോട്ട് ചേർത്തിട്ടുണ്ട് എന്നാണ് സിപിഐഎം പ്രവർത്തകർ ആരോപിക്കുന്നത്. പഞ്ചായത്തിന് പുറത്തു താമസക്കാരായ നിരവധിപേർ വോട്ടർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്. ഒരു കെട്ടിട നമ്പരിൽ തന്നെ നിരവധിപേരെയാണ് ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൽഡിഎഫ് പ്രവർത്തകർ ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കാൻ നൽകിയ അപേക്ഷ പരിഗണിക്കാതെയാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം യുഡിഎഫ് നൽകിയ ലിസ്‌റ്റ് പ്രകാരം എൽഡിഎഫ് വോട്ടർമാരെ വ്യാപകമായി ഒഴിവാക്കിയെന്നും സിപിഐഎം ആരോപിക്കുന്നു.
മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള വാർഡുകളിലാണ് കൃത്രിമം കൂടുതലായി നടന്നിട്ടുള്ളത്. ഇക്കാര്യങ്ങൾ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തനാണ് സിപിഐഎം പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ എത്തിയത്. എന്നാൽ ഇതറിഞ്ഞ് അസിസ്റ്റന്റ് സെക്രട്ടറിക്ക് ചുമതല നൽകി സെക്രട്ടറി അവധിയിൽ പോയി എന്ന് സിപിഐഎം പ്രവർത്തകർ ആരോപിക്കുന്നു. തുടർന്ന് പ്രവർത്തകർ അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു. ഉപരോധ സമരം മണിക്കൂറുകൾ നീണ്ടു പോയതോടെ കാളിയാർ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.