CrimeKeralaLatest NewsLocal news

മൂന്നാറിലും ജില്ലയുടെ പല ഭാഗങ്ങളിലും മോഷണം വർദ്ധിക്കുന്നു

മൂന്നാറിലും തോട്ടം മേഖലയിലും മോഷണം വ്യാപകമായിട്ടും മിക്ക കേസുകളിലും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല. കുട്ടിയാർവാലിയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണവും വെള്ളിയും പണവും കഴിഞ്ഞ ദിവസം കവർന്നതാണ് അവസാനത്തെ സംഭവം. രണ്ടു മാസത്തിനിടയിൽ നടന്ന വിവിധ മോഷണങ്ങളിൽ അരുവിക്കാട്, കുണ്ടള ക്ഷേത്രങ്ങളിലെ മോഷണം, പള്ളിവാസൽ റിസോർട്ടിലെ മോഷണം എന്നിവയിൽ മാത്രമാണ് പ്രതികളെ പിടികൂടിയത്.

ഏപ്രിൽ 4നു രാത്രി ഉടുമ്പൻചോല സബ് ആർടി ഓഫിസിന്റെ ജനറേറ്റർ ബാറ്ററി മോഷ്ടാക്കൾ അപഹരിച്ചു. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് ആർടി ഓഫിസിന്റെ ജനറേറ്റർ മുറിയുടെ രണ്ടു വാതിലുകളും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. എണ്ണായിരത്തോളം രൂപ വില വരുന്ന ബാറ്ററി രണ്ടു വർഷം മുൻപാണ് മാറ്റിവച്ചത്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.

അതീവ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാലും പിടിക്കപ്പെടാനുള്ള സാധ്യത കുറവായതിനാലും സർക്കാർ ഓഫിസുകളിലെയും പൊതുസ്ഥലങ്ങളിലെയും വസ്തുക്കൾ മോഷ്ടിക്കുന്നതാണു ചില മോഷ്ടാക്കൾക്ക് പ്രിയം. ഹൈറേഞ്ചിൽ ഏലക്കായയാണ് താരം വില ഉയർന്നു നിൽക്കുന്നതിനാൽ ഹൈറേഞ്ചിൽ തോട്ടങ്ങളിൽ നിന്നടക്കം ഏലക്കായ മോഷണം വ്യാപകം. ഏതാനും മാസങ്ങളായി കട്ടപ്പന നഗരസഭ, വണ്ടൻമേട്, കാഞ്ചിയാർ, ഉപ്പുതറ പഞ്ചായത്തുകൾ തുടങ്ങിയ മേഖലകളിലെല്ലാം ഏലക്കായ മോഷണം വർധിച്ചിരിക്കുകയാണ്.

തോട്ടത്തിൽ നിന്ന് പച്ച ഏലക്കായ മോഷണമാണ് നടക്കുന്നത്. കട്ടപ്പന പുളിയൻമലയിലെ തോട്ടത്തിൽ നിന്ന് 35 കിലോഗ്രാം പച്ച ഏലക്കായയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഏതാനും ആഴ്ച മുൻപ് ഇതിനു സമീപത്തെ കൃഷിയിടത്തിൽ നിന്നു ശരം ഉൾപ്പെടെ ചെത്തിക്കടത്തിയിരുന്നു. ഉപ്പുതറ മാക്കപ്പതാൽ മേഖലയിലെ തോട്ടത്തിൽ നിന്ന് കഴിഞ്ഞയാഴ്ച 80 കിലോയോളം പച്ച ഏലക്കായ മോഷണം പോയി. വിളവെടുക്കാൻ തൊഴിലാളികളുമായി ഉടമ എത്തിയപ്പോൾ ശരം ഉൾപ്പെടെ ചെത്തിക്കടത്തിയ നിലയിലായിരുന്നു.

കഴിഞ്ഞ മാസം നെറ്റിത്തൊഴുവിലെ ഏലത്തോട്ടത്തിൽ വിളവെടുക്കാറായ 400 ചെടികളിൽ നിന്നാണ് ഏലക്കായ മോഷ്ടിച്ചത്. വണ്ടൻമേട് പാലാക്കണ്ടത്തെ തോട്ടത്തിൽ നിന്ന് ഏലക്കായ മോഷ്ടിച്ചു കടത്തിയ തമിഴ്‌നാട് സ്വദേശിനിയെ സെപ്റ്റംബറിൽ വണ്ടൻമേട് പൊലീസ് പിടികൂടിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ ഏലക്കായയുമായി കണ്ടെത്തിയ ഇവരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് 15 കിലോ പച്ച ഏലക്കായയും കണ്ടെത്തി.

വിളവെടുത്ത ശേഷം ഉണങ്ങാൻ കൊണ്ടുപോകാനായി വച്ചിരുന്ന പുളിയൻമല ഗണപതിപ്പാലം സ്വദേശിയുടെ 50 കിലോ പച്ച ഏലക്കായ മോഷ്ടിച്ച കേസിൽ രണ്ടുപേരെ സെപ്റ്റംബർ 6നു പൊലീസ് പിടികൂടിയിരുന്നു.
വണ്ടൻമേട് രാജാക്കണ്ടം നായർസിറ്റിയിൽ നിന്ന് ഓഗസ്റ്റ് പകുതിയോടെ 200 പച്ച ഏലക്കായ മോഷണം പോയി. ഏലച്ചെടികളിൽ നിന്ന് കായ പറിച്ചെടുത്ത് കടത്തുകയായിരുന്നു.

വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച; തുമ്പില്ലാതെ പൊലീസ്

കാൻസർ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് പണം തട്ടിയെടുത്ത സംഭവത്തിൽ 4 മാസം പിന്നിടുമ്പോഴും തുമ്പുണ്ടാക്കാൻ കഴിയാതെ പൊലീസ്.

കഴി‍ഞ്ഞ ജൂൺ 5ന് രാവിലെയാണ് അടിമാലി എസ്എൻ പടിയിൽ കളരിക്കൽ ഉഷ സന്തോഷ് താമസിക്കുന്ന വാടകവീട്ടിൽ എത്തി ഇവരുടെ വായിൽ തുണി തിരുകി കെട്ടിയിട്ട ശേഷം പഴ്സിൽ സൂക്ഷിച്ചിരുന്ന 16,500 രൂപ തട്ടിയെടുത്തത്. തുടർന്ന്, ഇടുക്കിയിൽ നിന്ന് വിരലടയാള, സയന്റിഫിക് വിദഗ്ധരും പൊലീസും സംഭവ സ്ഥലത്ത് എത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. അന്നത്തെ ഇടുക്കി ഡിവൈഎസ്‌പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ 10 അംഗ പൊലീസ് സംഘത്തെ അന്നത്തെ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് നിയമിച്ച് അന്വേഷണം ഊർജിതമാക്കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!