പട്ടയമുള്ളവരും കയ്യേറ്റക്കാര്‍; ഇടുക്കിയിലും എറണാകുളത്തും അയ്യായിരത്തോളംപേര്‍ പ്രതിസന്ധിയില്‍

മൂന്നാർ ഡിവിഷന് കീഴിൽ ആയിരത്തോളം കുടുംബങ്ങളെ കയ്യേറ്റക്കാരാക്കി വനംവകുപ്പ്. പട്ടയമുള്ളവരുൾപ്പടെയാണ് നേര്യമംഗലം അടിമാലി റേഞ്ചുകളുടെ കയ്യേറ്റ പട്ടികയിലുള്ളത്. ഇതോടെ എറണാകുളം ഇടുക്കി ജില്ലകളിലായി 5000 ത്തോളം പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ആറ് പതിറ്റാണ്ടായി സ്വന്തമെന്ന് കരുതിയ ഭൂമി വനം വകുപ്പിന്റെ കയ്യേറ്റ പട്ടികയിൽ ഉൾപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇടുക്കി പരിശക്കല്ലുകാർ. കണക്ക് പ്രകാരം 100 കുടുംബങ്ങളാണ് ഇവിടെ മാത്രം കയ്യേറ്റക്കാരായുള്ളത്.
1993 ൽ മുപ്പത്തിലേറെ കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. പട്ടയം ഈട് നൽകി ബാങ്ക് വായ്പകളെടുത്തവരാണ് പലരും. ഇടുക്കി എറണാകുളം ജില്ലകളിലായി 5000 ത്തോളം പേരെയാണ് പട്ടിക ബാധിക്കുക. എന്നാൽ ഈ കണക്ക് എങ്ങനെ തയാറാക്കിയെന്ന കാര്യത്തിൽ വനംവകുപ്പിന് വ്യക്തതയില്ല. കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകളെ തുടർന്ന് സി എച്ച് ആറി ലെ പട്ടയ വിതരണം കഴിഞ്ഞ വർഷം സുപ്രീംകോടതി തടഞ്ഞിരുന്നു. ഈ സാഹചര്യം നിലനിൽക്കെ വനംവകുപ്പിന്റെ കയ്യേറ്റപട്ടിക പട്ടയം ലഭിച്ചവരെയും പട്ടയത്തിനായി കാത്തിരിക്കുന്നവരെയും ആശങ്കയിലാക്കുകയാണ്