തന്റെ ജീപ്പ് ഓട്ടത്തിന് വിളിച്ചില്ലെന്ന് പറഞ്ഞ് മൂന്നാറിൽ സഞ്ചാരികൾക്കു നേരെ വീണ്ടും അതിക്രമം…

മൂന്നാർ ∙ കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്കു കളങ്കമായി സഞ്ചാരികളെ ഭീഷണിപ്പെടുത്തുന്ന സംഭവം മൂന്നാറിൽ വീണ്ടും. മുംബൈയിൽനിന്നു മൂന്നാറിലെത്തി മുറിയെടുത്ത 3 സഞ്ചാരികളെയാണ് തന്റെ ജീപ്പ് വിളിച്ചില്ലെന്നാരോപിച്ചു ഡ്രൈവർ ഭീഷണിപ്പെടുത്തിയത്. പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ റിസോർട്ട് ജീവനക്കാരനെ ഇയാൾ മർദിക്കുകയും ചെയ്തു. മുംബൈയിൽനിന്നു മൂന്നാറിലെത്തിയ വിനോദസഞ്ചാരിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തി മടക്കി അയച്ച് 5 ദിവസം തികയുന്നതിനു മുൻപാണു ചൊവ്വാഴ്ച വീണ്ടും സഞ്ചാരികൾക്കു നേരെ അതിക്രമം നടന്നത്. റിസോർട്ടിൽ താമസിച്ചിരുന്ന മുംബൈ സ്വദേശികൾ തേക്കടിക്കു പോകാനായി മൂന്നാർ ടൗണിൽനിന്നു ടാക്സി വിളിച്ചു. ഇതറിഞ്ഞെത്തിയ ജീപ്പ് ഡ്രൈവർ തന്റെ വാഹനം വിളിച്ചില്ലെന്നു പറഞ്ഞാണു ഭീഷണി മുഴക്കിയത്.
റിസോർട്ടിന് അടുത്തു താമസിക്കുന്ന ആളാണു താൻ എന്നതായിരുന്നു ജീപ്പ് ഡ്രൈവറുടെ അവകാശവാദം. പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചപ്പോഴാണു റിസോർട്ട് ജീവനക്കാരനും മർദനമേറ്റു. തങ്ങൾ വിളിച്ച വാഹനത്തിൽ മാത്രമേ യാത്ര ചെയ്യൂ എന്നു സഞ്ചാരികൾ നിലപാടെടുത്തതോടെ ഇയാൾ മടങ്ങി. മർദനമേറ്റ യുവാവ് വെളളത്തൂവൽ പൊലീസിൽ പരാതി നൽകി. പ്രതികളായ മുഴുവൻ ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നീക്കം ഒരാഴ്ച മുൻപു മുംബൈ സ്വദേശിനിയെ തടഞ്ഞ സംഭവത്തിൽ 3 ടാക്സി ഡ്രൈവർമാരുടെ ലൈസൻസുകൾ ആർടിഒ പി.എം.ഷെബീർ 6
മാസത്തേക്കു സസ്പെൻഡ് ചെയ്തു. ലാക്കാട് ഫാക്ടറി ഡിവിഷനിൽ പി.വിജയകുമാർ, തെന്മല എസ്റ്റേറ്റിൽ ന്യൂ ഡിവിഷനിൽ കെ.വിനായകൻ, ദേവികുളം ജ്യോതിഭവനിൽ എ.അനീഷ് കുമാർ എന്നിവരുടെ ലൈസൻസുകളാണു സസ്പെൻഡ് ചെയ്തത്. ഈ വർഷം ഇതുവരെ സഞ്ചാരികളെ ആക്രമിച്ച മറ്റു സംഭവങ്ങളിലെ പ്രതികളായ മറയൂർ സ്വദേശികളായ എട്ടുപേരുടെയും മൂന്നാർ സ്വദേശികളായ മൂന്നു പേരുടെയും ലൈസൻസുകൾകൂടി റദ്ദാക്കാനുളള നടപടി ആരംഭിച്ചതായി ഡിവൈഎസ്പി എസ്.ചന്ദ്രകുമാർ പറഞ്ഞു.



