KeralaLatest News

‘പിഎം ശ്രീയില്‍ പുനഃപരിശോധന; മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കും; റിപ്പോര്‍ട്ട് വരുംവരെ തുടര്‍നടപടി നിര്‍ത്തിവെക്കും’; മുഖ്യമന്ത്രി

പിഎം ശ്രീയില്‍ പുനഃപരിശോധനയുമായി സര്‍ക്കാര്‍. മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ധാരണാപത്രം ഒപ്പിട്ടപ്പോള്‍ വിവാദവും ആശങ്കയും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ ചെയ്യും. ഈ കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഏഴംഗങ്ങളുള്ള ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. വി ശിവന്‍കുട്ടി അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്,പി പ്രസാദ് , കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരായിരിക്കും അംഗങ്ങള്‍. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ ഈ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ നിര്‍ത്തിവെക്കും. ഇത് കേന്ദ്ര സര്‍ക്കാരിനെ കത്ത് മുഖേന അറിയിക്കും – മുഖ്യമന്ത്രി വിശദമാക്കി.

വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുത്തോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഏതായാലും റിവ്യൂ ചെയ്യുകയല്ലേ, അതിനാല്‍ തന്നെ മറ്റു വിവരങ്ങളിലേക്ക് പോകേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സമിതി റിപ്പോര്‍ട്ട് പെട്ടെന്ന് തന്നെ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നത് പ്രതിപക്ഷത്തിന്റെ സ്ഥിരം രീതി. അവരുടെ നിര്‍ഭാഗ്യം കൊണ്ടു ജനങ്ങള്‍ അതൊന്നും സ്വീകരിക്കുന്നില്ല. ഞങ്ങളെ ഏതെങ്കിലും തരത്തില്‍ വര്‍ഗീയമായി ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ല – അദ്ദേഹം വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിലൂടെയാണ് നമ്മുടെ പൊതു പാഠ്യ പദ്ധതിയില്‍ ഗാന്ധി വധം മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത്. ആ ചരിത്ര ഭാഗങ്ങള്‍ പ്രത്യേകമായി പഠിപ്പിക്കാനാണ് തീരുമാനിച്ചത്. ആ നിലപാടില്‍ മാറ്റമില്ല. കേരളത്തില്‍ അതില്‍ ഒരു വ്യതിയാനവും ഇല്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അത്തരം കാര്യങ്ങളോട് സ്വീകരിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!