വിനോദസഞ്ചാരികള്‍ സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്

അടിമാലി: ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു ആനച്ചാലില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ആകാശ ഭക്ഷണശാലയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിയത്. രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളും ഒരു ജീവനക്കാരിയുമായിരുന്നു ഉയരത്തില്‍ സ്കൈ ഡൈനിംങ്ങില്‍ അകപ്പെട്ടത്.
ഈ സംഭവത്തിലാണിപ്പോള്‍ പോലീസ് കേസെടുത്തിട്ടുള്ളത്. വെള്ളത്തൂവല്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്. സ്ഥാപന ഉടമകളെ പ്രതി ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് ആകാശ ഭക്ഷണശാല താല്‍ക്കാലികമായി അടച്ചിരുന്നു. ഇന്നലെ ഒന്നര മണിക്കൂറിലധികമാണ് കുട്ടികളടക്കമുള്ളവര്‍ സ്കൈ ഡൈനിങില്‍ കുടങ്ങിയത്. ഏറെ സമയം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ അഗ്നിരക്ഷാസേന എത്തിയാണ് അഞ്ചുപേരെയും സുരക്ഷിതമായി താഴെയിറക്കിയത്.
സംഭവത്തില്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കേരളത്തില്‍ അത്ര പ്രചാരമില്ലാത്ത സാഹസിക വിനോദമാണ് സ്കൈ ഡൈനിങ്. 150 അടി ഉയരത്തില്‍ ഇരുന്ന് കാഴ്ചകള്‍ കണ്ടു ഭക്ഷണം കഴിക്കാം. ഒരുമാസം മുമ്പാണ് പ്രദേശത്ത് സ്കൈ ഡൈനിങ് പ്രവര്‍ത്തനം ആരംഭിച്ചത്



