KeralaLatest News

മധുസൂദൻ മിസ്ത്രി തലസ്ഥാനത്ത്, സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കം, കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക ഉടൻ

കേരളത്തിൽ ഭരണം തിരിച്ചു പിടിക്കുകയെന്ന ഒറ്റ ലക്ഷ്യവുമായി നീങ്ങുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. സ്ഥാനാർഥി നിർണയം മുതൽ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ വരെ വളരെ കൃത്യതയോടെയാണ് നീക്കുന്നത്. തിരഞ്ഞെടുപ്പിൽ ഒരു തരത്തിലുമുള്ള ഗ്രൂപ്പു സമവാക്യങ്ങളോ, വ്യക്തി താല്പര്യങ്ങളോ ഉണ്ടാവരുതെന്ന ഹൈക്കമാന്റ് നിർദേശം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് നേതൃത്വം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ മധുസൂദൻ മിസ്ത്രി തിരുവനന്തപുരത്ത് എത്തിയതോടെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കമായി.

കെപിസിസി ആസ്ഥാനത്ത് എത്തിയ മധുസൂദൻ മിസ്ത്രി യുഡിഎഫ് കൺവീനർ, കെപിസിസി അധ്യക്ഷൻ, മറ്റു ഭാരവാഹികൾ എന്നിവരുമായി ആദ്യഘട്ട ചർച്ചകൾ നടത്തി. കേരളത്തിന്റെ ചുമലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുമായും സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ പ്രത്യേകം കൂടിക്കാഴ്ച നടത്തി.യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പരിഗണന നൽകുമെന്നാണ് പ്രതിപക്ഷനേതാവ് നേരത്തെ വ്യക്തമാക്കിയത്. എന്നാൽ, മുൻ യുഡിഎഫ് കൺവീനറും, കെപിസിസി അധ്യക്ഷനുമായിരുന്ന എംഎം ഹസൻ, ശരത് ചന്ദ്രപ്രസാദ് തുടങ്ങിയ മുതിർന്ന നേതാക്കൾ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നേതൃത്വത്തെ സമീപിച്ചതോടെ സ്ഥാനാർഥി നിർണയം കൂടുതൽ സങ്കീർണാവാനുള്ള സാധ്യതയും നേതൃത്വം മുന്നിൽ കാണുന്നുണ്ട്.

സ്ഥാനാർഥി പട്ടികയിൽ വിശദമായ ചർച്ചകൾ നാളെ തുടരുമെന്നാണ് കെപിസിസി ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ യാത്രയ്ക്ക് മുൻപ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പിൽ കളം നിറയാനുള്ള നീക്കമാണ് കെപിസിസി നടത്തുന്നത്. എന്നാൽ തലമുതിർന്ന നേതാക്കളെ പൂർണമായും ഒഴിവാക്കാനുള്ള നീക്കം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.

വിജയ സാധ്യതയുള്ള സീറ്റുകൾ ഏതൊക്കെയെന്നും, വിജയ സാധ്യതയുള്ള സ്ഥാനാർഥികൾ ആരൊക്കെയെന്നും കെപിസിസി സമർപ്പിച്ച പട്ടികയെ മുൻനിർത്തിയുള്ള ചർച്ചയാണ് നാളെ നടക്കുക. ഏതെങ്കിലും സീറ്റിൽ സ്ഥാനാർഥികളെ കെട്ടിയിറക്കുന്നത് ഒഴിവാക്കമെന്നാണ് ഡിസിസിയുടെ അഭ്യർഥന. ഘടകകക്ഷികളെ ഒരുമിച്ച് നിർത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മധുസൂദൻ മിസ്ത്രിയുടെ നിർദേശം. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും രണ്ടു സീറ്റുകൾ ഏറ്റെടുക്കാനുള്ള തീരുമാനം തർക്കങ്ങൾ പരിഹരിച്ചുവേണം നടപ്പാക്കേണ്ടത് എന്നിവയാണ് തിരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്റെ പ്രധാന നിർദേശം.

തിരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനഗോലു നൽകിയ റിപ്പോർട്ടും ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. മൂന്നു തരം മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളതെന്നാണ് കനഗോലു റിപ്പോർട്ടിലുള്ളത്. യുഡിഎഫിന് എല്ലാകാലത്തും വിജയിച്ചു കയറാവുന്നത്, നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ പിടിച്ചെടുക്കാവുന്ന മണ്ഡലങ്ങൾ, വളരെ പരിശ്രമിച്ചാൽ മാത്രം വിജയിക്കാവുന്ന മണ്ഡലങ്ങൾ എന്നിങ്ങനെയാണ് വേർതിരിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുൾപ്പടെയുള്ള നിർദേശങ്ങളാണ് കെപിസിസി പുറപ്പെടുവിച്ചിരിക്കുന്നത്.

എംപിമാർ ആരും നിയമസഭാ തിരിഞ്ഞെടുപ്പിൽ സ്ഥാനാർഥികളാവേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാന്റ് കൈക്കൊണ്ടിട്ടുള്ളത്. കെപിസിസി അധ്യക്ഷൻ മത്സരിക്കുന്നതിൽ നാളെ അന്തിമമായ തീരുമാനം പ്രഖ്യാപിക്കും. അങ്ങനെ വന്നാൽ കെപിസിസി അധ്യക്ഷന്റെ ചുമതല മറ്റൊരാൾക്ക് കൈമാറും. ഇത്തരം കാര്യങ്ങളിൽ ദീപാദാസ് മുൻഷി മധുസൂദനൻ മിസ്ത്രിയുമായി ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. പത്തനംതിട്ട എം പി ആന്റോ ആന്റണിക്ക് കെ പി സി സി അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകാനാണ് ചർച്ചകൾ.

സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രം മാനദണ്ഡമാക്കിയാൽ മതിയെന്ന കർശന നിർദേശമാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രിയ്ക്ക് എഐസിസി നൽകിയിരിക്കുന്നത്. മധുസൂദൻ മിസ്ത്രി തിരുവനന്തപുരത്ത് എത്തിയതോടെ സ്ഥാനാർഥി മോഹികൾ തിരുവനന്തപുരത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും ഒന്നിലേറെ പേരുകൾ എഐസിസി നേതൃത്വത്തിന് മുന്നിൽ വന്നിട്ടുണ്ട്. കെപിസിസി തയ്യാറാക്കിയ പട്ടികയിൽ സിറ്റിംഗ് എംഎൽഎമാരിൽ കെ ബാബു ഒഴികെ മറ്റെല്ലാവരും മത്സരിക്കും. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റുകൾ തിരികെ പിടിക്കുന്നതിനായി പ്രത്യേക പദ്ധതിയാണ് കെപിസിസി തയ്യാറാക്കുന്നത്. രണ്ടുതവണ തോൽവി ഏറ്റുവാങ്ങിയവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിലാണ് എഐസിസി. ഇക്കാര്യം മധുസൂദൻ മിസ്ത്രി കെപിസിസി നേതൃത്വവുമായി ചർച്ച ചെയ്തതായാണ് അറിയുന്നത്.പൊതുസമ്മതരായ സ്ഥാനാർഥികളെ കണ്ടെത്തി വിജയപ്പിക്കുന്നതുൾപ്പടെയുള്ള കെപിസിസിയുടെ നിർദേശങ്ങളിലും സ്‌ക്രീനിംഗ് കമ്മിറ്റി നാളെ തീരുമാനം പ്രഖ്യാപിക്കും. വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ, വിഎം സുധീരൻ, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായും മധുസൂദൻ മിസ്ത്രി കൂടിക്കാഴ്ച നടത്തും. ഘടകകക്ഷി നേതാക്കളുമായും കൂടിക്കാഴചയ്ക്ക് ശേഷമായിരിക്കും ഒന്നാംഘട്ട പട്ടിക ഹൈക്കമാന്റിന് സമർപ്പിക്കുക.ഘടകകക്ഷികളിൽ നിന്നും ഏതൊക്കെ സീറ്റുകൾ ഏറ്റെടുക്കണമെന്നതിൽ വ്യക്തത വരുത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിലും നാളെ അന്തിമ തീരുമാനം ഉണ്ടാവും. ഇടുക്കി സീറ്റ് പിടിച്ചെടുക്കാൻ പൊതു സ്വീകാര്യനെ കൊണ്ടുവരും. പൊതു സ്വീകാര്യനായൊരു സ്ഥാനാർഥിയെ നിർത്തിയാൽ ഇടുക്കിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം കെപിസിസിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇടുക്കി സീറ്റിന്റെ കാര്യത്തിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കടുത്ത പ്രതിരോധമാണ് തീർത്തിരിക്കുന്നത്. പാർട്ടിക്ക് 10 സീറ്റുകൾ വേണമെന്ന നിലപാട് ആവർത്തിക്കുന്നത് കോൺഗ്രസിനെ കൂടുതൽ അസ്വസ്ഥരാക്കുന്നുണ്ട്.

സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചതോടെ സ്ഥാനാർഥി നിർണ ചർച്ചകൾക്ക് കോൺഗ്രസ് നേതൃത്വം തുടക്കം കുറിച്ചു. എഐസിസി ചുമതലയുള്ള മധുസൂദൻ മിസ്ത്രി ചർച്ചകൾക്കായി കേരളത്തിൽ എത്തിയതോടെ സ്ഥാനാർഥികൾ ആരൊക്കെയെന്നുള്ള ചർച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്.നേരത്തെ കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു മധുസൂദൻ മിസ്ത്രി. കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!