രാജകുമാരി എം.ജി.എം ഐ.ടി.ഐയിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു..

രാജകുമാരി : മലയോര മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് 48 വർഷത്തെ മികച്ച പാരമ്പര്യമുള്ള രാജകുമാരി എം.ജി.എം ഐ.ടി.ഐയിലാണ് വിദ്യാർത്ഥികൾക്കായി മെറിറ്റ് സ്കോളർഷിപ്പ് വിതരണം സംഘടിപ്പിച്ചത്. പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ പൂർണ്ണമായും പഠന നിലവാരം മാനദണ്ഡമാക്കിയാണ് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.
മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ എന്നീ ബാച്ചുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ഒൻപത് പേരാണ് ഈ അധ്യയന വർഷത്തെ സ്കോളർഷിപ്പിന് അർഹരായത്. മികച്ച പഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് തുടർച്ചയായി രണ്ട് വർഷം ഈ സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. പ്രതിവർഷം ഒരാൾക്ക് 20000 രൂപ വരെയാണ് പദ്ധതി പ്രകാരം സ്കോളർഷിപ്പായി നൽകുന്നത്.
ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മാനേജർ ഫാ. ബേസിൽ കെ. ഫിലിപ്പ് സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഐ.ടി.ഐ സെക്രട്ടറി കുര്യൻ മാത്യു, പ്രിൻസിപ്പൽ ബ്ലെസി ജോണി, പിടിഎ പ്രസിഡന്റ് പി.എ. ജോസ് ,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകർ, ജീവനക്കാർ, രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനം വരും വർഷങ്ങളിലും വിദ്യാർത്ഥികൾക്കായി കൂടുതൽ വികസന പദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്.



