ജില്ലയിലെ വോട്ടെണ്ണലിന് മുന്നോടിയായുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായി: വോട്ടെണ്ണലിന് 116 കൗണ്ടിംഗ് സൂപ്പര്‍വെസര്‍മാരും 140 കൗണ്ടിംഗ് അസിസ്റ്റന്റ്മാരും ഉള്‍പ്പെടെ 411 ഉദ്യോഗസ്ഥർ

ഇടുക്കി : നാളെ (മെയ് 4 ) നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായി. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. മൂന്ന് സ്ഥലങ്ങളിലായി മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രം പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളാണ്. പീരുമേട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം കുട്ടിക്കാനം മരിയഗിരി ഇ.എം.എച്ച്. എസ്. എസും ദേവികുളം മണ്ഡലത്തിലെ കേന്ദ്രം മൂന്നാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ്. അഞ്ച് ആര്‍.ഒ-മാരും 39 അഡീഷണല്‍ ആര്‍.ഒ-മാരും 116 സൂക്ഷ്മനീരീക്ഷകരും (മൈക്രോ ഒബ്‌സര്‍വര്‍ ) 116 കൗണ്ടിംഗ് സൂപ്പര്‍വെസര്‍മാരും 140 കൗണ്ടിംഗ് അസിസ്റ്റന്റ്മാരും ഉള്‍പ്പെടെ ആകെ 411 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ പ്രക്രിയയുടെ ഭാഗമാവുക. ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് എണ്ണുന്നത്.
ആദ്യമെണ്ണിത്തുടങ്ങുന്നത് പോസ്റ്റല്‍ ബാലറ്റുകളാണ്. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിംഗ് മെഷീനുകളിലെ
വോട്ട് എണ്ണുന്നതിന് പരമാവധി 14 കൗണ്ടിംഗ് മേശകള്‍ ക്രമീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 500 എണ്ണത്തിന് ഒന്നെന്ന ക്രമത്തില്‍ പ്രത്യേകം കൗണ്ടിംഗ് ടേബിളുകളും ഓരോന്നിനും ഓരോ എ.ആര്‍.ഒ എന്ന നിലയിലും ക്രമീകരിക്കും.
പോളിംഗ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമുകള്‍ സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒബ്‌സര്‍വറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സാക്ഷിയാക്കി, വീഡിയോ റെക്കോര്‍ഡിംഗ് നടത്തിയാണ് തുറക്കുക. വോട്ടെണ്ണുമ്പോല്‍ കണ്‍ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17 സി കൂടി മേശപ്പുറത്തുവെയ്ക്കും.
വോട്ടിംഗ് യന്ത്രങ്ങളിലെയും ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടെന്ന് കണ്ടാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ) എണ്ണും. വിവിപാറ്റ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉള്‍പ്പെടും.
ഇവിഎമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം 17 സി പാര്‍ട്ട് ഒന്നിലെ (അക്കൗണ്ട് ഓഫ് വോട്ട്‌സ് റെക്കോഡഡ്) വിവരങ്ങളുമായി ഒത്തുനോക്കും. ഒരു ബൂത്തില്‍ ഇ.വി.എമ്മില്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് 17 സി പാര്‍ട്ട് ഒന്ന്.
കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ റൗണ്ടിലെയും 2 വോട്ടിംഗ് യന്ത്രങ്ങള്‍ ഒബ്സര്‍വര്‍ എണ്ണും. ഒരോ മണ്ഡലങ്ങളിലെയും 5 ബൂത്തുകളിലെ വീതം വിവിപാറ്റും നിര്‍ബന്ധമായും എണ്ണും.
ശ്രദ്ധിക്കേണ്ടത്
🔷🔷🔷🔷🔷🔷
വോട്ടെണ്ണല്‍ ഹാളിലുള്ള സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എപ്പോഴും വ്യക്തമായി കാണത്തക്ക രീതിയില്‍ ധരിക്കണം.
വോട്ടെണ്ണല്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും നിയമന ഉത്തരവിന്റെ (ഫോം 18) രണ്ടാം പകര്‍പ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് (ഞഛ) സമര്‍പ്പിക്കേണ്ടതാണ്.
വോട്ടെണ്ണല്‍ പ്രക്രിയ സുഗമമായി നടത്തുന്നതിനായി റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
അനുവദിക്കപ്പെട്ട വോട്ടെണ്ണല്‍ ടേബിളുകളിലോ ബാരിക്കേഡിന് പിന്നില്‍ നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലോ മാത്രം ഇരിക്കുക.
1951-ലെ ആര്‍.പി ആക്ട് സെക്ഷന്‍ 128 പ്രകാരം വോട്ടെടുപ്പിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാനുള്ള നിയമപരമായ ബാധ്യത പാലിക്കണം.
ഇ.വി.എമ്മുകളില്‍ തൊടരുത്. വോട്ടെണ്ണല്‍ നിരീക്ഷിക്കാന്‍ അനുവാദമുണ്ടെങ്കിലും, ബാരിക്കേഡിന് പിന്നിലുള്ള ഇ.വി.എമ്മുകളോ മറ്റ് തെരഞ്ഞെടുപ്പ് രേഖകളോ കൈകാര്യം ചെയ്യാന്‍ പാടുള്ളതല്ല.
സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എന്നിവരെ കൗണ്ടിംഗ് ഏജന്റുമാരായി നിയമിക്കാന്‍ പാടില്ല.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മോശമായി പെരുമാറുന്നവരെയോ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെയോ ഹാളില്‍ നിന്ന് പുറത്താക്കുന്നതാണ്.
സാധുവായ പാസ് ഉള്ളവര്‍ക്കും നിശ്ചിത ഉദ്യോഗസ്ഥര്‍ക്കും (റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ജീവനക്കാര്‍, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍, ചുമതലപ്പെട്ട പൊതുസേവകര്‍) മാത്രമേ ഹാളിലേക്ക് പ്രവേശനം അനുവദിക്കൂ.
മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
സുരക്ഷയും രഹസ്യാത്മകതയും ഉറപ്പാക്കിക്കൊണ്ട് വോട്ടെണ്ണല്‍ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയുണ്ട്.
വോട്ടെണ്ണല്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി നിശ്ചയിച്ചിട്ടുള്ള പരിധിക്കപ്പുറം പ്രവേശിക്കരുത്.
വോട്ടെണ്ണല്‍ ഹാളിന്റെയും പ്രവര്‍ത്തനങ്ങളുടെയും പൊതുവായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഹാന്‍ഡ്‌ഹെല്‍ഡ് ക്യാമറകള്‍ ഉപയോഗിക്കാവുന്നതാണ്.
ഇ.വി.എമ്മില്‍ തെളിയുന്ന ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ കൃത്യമായ ദൃശ്യങ്ങള്‍ യാതൊരു കാരണവശാലും ക്യാമറയില്‍ പകര്‍ത്താന്‍ പാടുള്ളതല്ല.
ട്രൈപോഡുകള്‍ ഉപയോഗിച്ചുള്ള വീഡിയോ/സ്റ്റില്‍ ക്യാമറകള്‍ വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ അനുവദിക്കില്ല.
വോട്ടെണ്ണല്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്താനോ ഇ.വി.എമ്മുകള്‍ നീക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാനോ പാടില്ല.
വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒബ്സര്‍വര്‍ക്കും, റിട്ടേണിംഗ് ഓഫീസര്‍ക്കും (ഒ.ടി.പി വരുന്ന ഫോണ്‍) മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. മറ്റുള്ളവര്‍ മൊബൈല്‍ ഫോണ്‍, പുറത്ത് സജ്ജമാക്കിയിട്ടുള്ള മൊബൈല്‍ ഫോണ്‍ ഡെപ്പോസിറ്റ് യൂണിറ്റില്‍ നിക്ഷേപിക്കേണ്ടതാണ്.



