കൊമ്പൊടിഞ്ഞാലില്‍ നാലുപേർ വെന്തു മരിച്ച സംഭവം: ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി

അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വീടിന് തീ പിടിച്ച് മരിച്ച സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും ദുരുഹത നീക്കിയിട്ടില്ലെന്നാരോപിച്ച് ഈ മാസം 9ന് ജനകീയ സമിതി ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ റാലി നടത്തും. സംഭവം നടന്ന് നാളുകൾ പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് ജനകീയ സമിതി ആരോപിക്കുന്നു. മെയ് 9ന് പണിക്കൻകുടിയിൽ മരണപ്പെട്ടവരെ അനുസ്മരിച്ച് യോഗവും നടക്കുമെന്ന് ജനകീയ സമിതി അടിമാലിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ വർഷം മേയ് 9നായിരുന്നു കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് തീ പിടിച്ചുണ്ടായ ദുരന്തത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം മരിച്ച ശുഭയുടെ ബന്ധുക്കളടക്കം ജനകീയ സമിതിയും ആദ്യം ഘട്ടം മുതൽ മുമ്പോട്ട് വച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരു പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് ജനകീയ സമിതിയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് സംഭവത്തിൻ്റെ ദുരൂഹത അഴിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി പ്രതിഷേധ റാലി നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
കേസിന്റെ തുടരന്വേഷണം മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കേസന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുമ്പ് ജനകീയ സമിതി ഹർത്താലടക്കം നടത്തിയിട്ടുണ്ട്. 4 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായതെങ്ങനെ, ഒരു മൃതദേഹമൊഴികെ മറ്റ് മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി തന്നെ കത്തിചാമ്പലായതെങ്ങനെ തുടങ്ങി വിവിധ സംശയങ്ങള്‍ ജനകീയ സമിതി മുമ്പോട്ട് വയ്ക്കുന്നു.ഒപ്പം സംഭവത്തില്‍ മറ്റ് ചില ദുരൂഹതകള്‍ ഉള്ളതായും ജനകീയ സമതി ആരോപിക്കുന്നു.ഇക്കാര്യങ്ങളിലൊക്കെയും വസ്തുതപരമായ അന്വേഷണം വേണമെന്നാണ് ജനകീയ സമതിയുടെ ആവശ്യം.അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജനകീയ സമിതി ഭാരവാഹികളായ അനിൽ ദേവസ്യ,വിനോദ് കറുകപ്പിള്ളിൽ, ഷാജി ചേലാമറ്റം, കൊന്നത്തടി പഞ്ചായത്തംഗം വിൽസൺ കള്ളിക്കൽ,ഗിരീഷ് വയലുങ്കൽ, ഷിജി ഗിരീഷ് എന്നിവർ പങ്കെടുത്തു.



