പൂപ്പാറ കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു: കേരളത്തിൽ ‘ബുൾഡോസർ രാജ്’ ആണ് നടപ്പിലാക്കുന്നതെന്ന രൂക്ഷവിമർശനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

ഇടുക്കി പൂപ്പാറയിൽ യാതൊരുവിധ മുൻകരുതലുകളോ അറിയിപ്പോ ഇല്ലാതെ അധികൃതർ നടത്തിയ കുടിയൊഴിപ്പിക്കൽ നടപടി പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി. കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ അധികാരമേൽക്കുന്നതിനിടയിലുള്ള ഇടവേളയിൽ ഇത്തരം ധൃതിപിടിച്ച നടപടികൾ കൈക്കൊണ്ടത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ‘ബുൾഡോസർ രാജ്’ മാതൃകയിലാണ് പൂപ്പാറയിൽ റവന്യു അധികൃതർ പെരുമാറിയതെന്ന് സണ്ണി പൈമ്പിള്ളി കുറ്റപ്പെടുത്തി. “പാവപ്പെട്ട വ്യാപാരികളുടെയും സാധാരണക്കാരുടെയും ഏക ഉപജീവനമാർഗമാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർത്തത്. ഇത് കേവലം നിയമപരമായ നടപടിയല്ല, മറിച്ച് വ്യാപാര സ്ഥാപനങ്ങളെ ബോധപൂർവം നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണിത്,” അദ്ദേഹം പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. നീതി നടപ്പാക്കേണ്ട സ്ഥാനത്തിരുന്ന് അനീതിക്ക് കൂട്ടുനിൽക്കുന്ന ഇടുക്കി ജില്ലാ കളക്ടർ ആ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന് സണ്ണി പൈമ്പിള്ളി പറഞ്ഞു. ഇതിനു പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ ശക്തികളുടെ ഇടപെടലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥ വൃന്ദം കേരളത്തിന് തന്നെ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണം
പുതുതായി അധികാരത്തിൽ വരുന്ന സർക്കാർ പൊതുസമൂഹത്തോടുള്ള തങ്ങളുടെ ബാധ്യത നിറവേറ്റാൻ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.
ഒഴുപ്പിക്കപ്പെട്ട വ്യാപാരികൾക്കായി പുതിയ വ്യാപാര സമുച്ചയം യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിച്ച് നൽകണം.
കിടപ്പാടം നഷ്ടപ്പെട്ട സാധാരണക്കാർക്ക് സുരക്ഷിതമായ വീടുകൾ നിർമ്മിച്ച് നൽകി പുനരധിവസിപ്പിക്കണം.മുന്നറിയിപ്പില്ലാതെ നടത്തിയ ഈ നടപടി മൂലം വ്യാപാരികൾക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം.
പുനരധിവാസ നടപടികൾ വൈകിയാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇടുക്കി ജില്ലയുടെ സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ പൊതുസമൂഹം ഒന്നിക്കണമെന്നും സണ്ണി പൈമ്പിള്ളി അഭ്യർത്ഥിച്ചു.



