അടിമാലി ഇരുന്നൂറേക്കര്‍ ടൗണിന് സമീപം ഇടവഴിയില്‍ പുലിയെ കണ്ടതായി പ്രദേശവാസി

അടിമാലി: അടിമാലി ഇരുന്നൂറേക്കര്‍ ടൗണിന് സമീപം ഇടവഴിയില്‍ പുലിയെ കണ്ടതായി പ്രദേശവാസി. പുലര്‍ച്ചെ നാലുമണിയോടെ പൊളിഞ്ഞപാലത്തുള്ള കട തുറക്കുന്നതിനായി ഇടവഴിയിലൂടെ നടന്നു വരുന്നതിനിടയില്‍ പുലിയെ കണ്ടതായാണ് പ്രദേശവാസിയായ രാജു പറയുന്നത്. പിന്നീട് സമീപത്തെ വാഴത്തോട്ടത്തിലേക്ക് പുലി ഓടി മറഞ്ഞതായും രാജു പറയുന്നു.
വനം വകുപ്പില്‍ മുമ്പ് താല്‍ക്കാലിക വാച്ചര്‍ കൂടിയായിരുന്ന രാജു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പുദ്യോഗസ്ഥരെത്തി പ്രദേശത്ത് പരിശോധന നടത്തി. മണ്ണ് ഉണങ്ങി കിടക്കുന്നതിനാല്‍ കാല്‍പ്പാടുകള്‍ പോലുള്ള അടയാളങ്ങളൊന്നും വനംവകുപ്പിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കൈതച്ചാല്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളാണ് ഇരുന്നൂറേക്കര്‍, മില്ലുംപടി ഭാഗങ്ങള്‍. കഴിഞ്ഞ വര്‍ഷവും ഇരുന്നൂറേക്കര്‍ ഭാഗത്ത് പുലി ഇറങ്ങിയതായി പ്രദേശവാസികള്‍ വിവരം പങ്ക് വയ്ക്കുകയും പുലിയുടെ കാല്‍പ്പാദം കണ്ടെത്തുകയും ചെയ്തിരുന്നു.