ബസലിക്ക പ്രഖ്യാപന ചടങ്ങുകള്‍ക്ക് ഒരുങ്ങി മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയം
മൂന്നാര്‍: ബസലിക്ക പ്രഖ്യാപന ചടങ്ങുകള്‍ക്ക് ഒരുങ്ങി മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയം. ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ദിവ്യബലിയിലാണ് ബസിലിക്ക പ്രഖ്യാപനം നടക്കുക. 26 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ശതോത്തര രജത ജൂബിലി ദിവ്യബലിയില്‍ വിജയപുരം രൂപതാ മെത്രാന്‍ റവ.ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, സഹായമെത്രാന്‍ റവ.ഡോ ജസ്റ്റിന്‍ മഠത്തില്‍ പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം വഹിക്കും. 4 മണിക്ക് പൊതുസമ്മേളനം നടക്കും. തുടര്‍ന്ന് ഇടവകയിലെ സംഘടനകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ നടക്കും.
വിപുലമായ പരിപാടികളോടെയാണ് ബസിലിക്ക പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്.1898 ല്‍ സ്പാനിഷ് മിഷണായ ഫാ.അല്‍ഫോണ്‍സ് തുടക്കം കുറിച്ച ദൈവാലയം 2024 ഫെബ്രുവരി 27 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബസിലിക്ക ആയി ഉയര്‍ത്തിയത്. തേയില തോട്ട പണികളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൂന്നാറില്‍ എത്തിയ തൊഴിലാളികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ഉദ്ദേശത്തോടെയാണ് ദേവാലയം നിര്‍മ്മിച്ചത്.
ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര രജത ജൂബിലിയാഘോഷങ്ങള്‍ 26 നാണ് സമാപിക്കുന്നത്. നിര്‍ധനരായ വ്യക്തികള്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കുക, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സഹായം നല്‍കുക, നിര്‍ധനരായ കുട്ടികള്‍ക്ക് പഠന സഹായം നല്‍കുക തുടങ്ങി നിരവധിയായ സഹായ പദ്ധതികളാണ് ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കിയത്. മൂന്നാറില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബസിലിക്ക റെക്ട്ടര്‍ ഫാദര്‍ മൈക്കിള്‍ വലയിഞ്ചിയില്‍, ജനറല്‍ കണ്‍വീനര്‍ പി ആര്‍ ജയിന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജെ സി ആന്റണി, ഫിനാന്‍സ് കമ്മിറ്റി സെക്രട്ടറി റ്റി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.