രൂക്ഷമാകുന്ന ഗതാഗതക്കുരുക്കും മാലിന്യ പ്രശ്നവും : മുന്നാർ പഞ്ചായത്തിൽ വിപുലമായ യോഗം ചേർന്നു.

മൂന്നാർ : വിനോദസഞ്ചാര സീസണിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിനും മാലിന്യ പ്രശ്നത്തിനും ശാശ്വത പരിഹാരം കാണുന്നതിനായി മുന്നാർ പഞ്ചായത്തിൽ വിപുലമായ യോഗം ചേർന്നു. ദേവികുളം എംഎൽഎ. എഫ്. രാജയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ വിനോദസഞ്ചാര മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം ലക്ഷ്യമിട്ട് നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ഇതിന്റെ ആദ്യഘട്ടമെന്നോണം 500 മില്ലിലിറ്റർ വരെ ശേഷിയുള്ളതും 100 മൈക്രോണിൽ താഴെ കട്ടിയുള്ളതുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പഞ്ചായത്തിന്റെ പരിധിയിൽ നിരോധിക്കാൻ തീരുമാനിച്ചു.
മാലിന്യ നിർമ്മാർജ്ജനത്തിനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുമായി ശക്തമായ നടപടികളും സ്വീകരിക്കും.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി വിനോദസഞ്ചാര സീസണിൽ മാട്ടുപ്പെട്ടി, കുണ്ടള, ടോപ്പ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വലിയ ടൂറിസ്റ്റ് ബസുകളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. സഞ്ചാരികളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി ജീപ്പ് സർവീസ് ക്രമീകരിക്കാൻ പ്രത്യേക ഉപസമിതി രൂപീകരിച്ചു.
ഇതിനായി പ്രത്യേക യാത്ര നിരക്ക് നിശ്ചയിക്കും. വലിയ ടൂറിസ്റ്റ് ബസുകൾക്കായി പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കുകയും റോഡരികിലെ അനിയന്ത്രിത പാർക്കിംഗ് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിലൂടെ ഗതാഗതക്കുരുക്കും മാലിന്യ പ്രശ്നവും ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
ബൈറ്റ്
ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മറ്റ് ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഘട്ടംഘട്ടമായി കൂടുതൽ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ വിവിധ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി-തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.



