CrimeLatest NewsLocal news

മദ്യപിച്ച് സ്കൂൾ വാഹനമോടിച്ച ഏഴ് ഡ്രൈവർമാർക്കെതിരെ കേസ്

തൊടുപുഴ: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മദ്യപിച്ച് സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഏഴ് ഡ്രൈവർമാർക്കെതിരെ കേസ്. റേഞ്ച്തല സ്പെഷ്യൽ കോമ്പിങ് ഓപറേഷനിലാണ് ഇവർക്കെതിരെ കേസെടുത്തത്. എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം രാവിലെ ആറുമുതൽ ഇടുക്കി ജില്ലയിൽ ജില്ല പൊലീസ് മേധാവി ഡോ. എ. നസീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്

സ്കൂൾ, കോളജ് ബസുകളുടെ ഡ്രൈവർമാരെയാണ് പരിശോധിച്ചത്. ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും, കരിങ്കുന്നം, ഇടുക്കി, വെള്ളത്തൂവൽ, രാജാക്കാട്, വണ്ടൻമേട് പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകളും ഉൾപ്പെടെ ആകെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഇത്തരത്തിലുള്ള പരിശോധനകളും നിയമനടപടികളും തുടർന്നും ശക്തമായി നടപ്പിലാക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

കുട്ടികളുമായി സ്കൂളിലേക്ക് വരുന്ന സമയത്തും വൈകീട്ടും ഡ്രൈവർമാരെ കർശന ബ്രെത്ത് അനലൈസർ പരിശോധനക്ക് വിധേയമാക്കും. സ്കൂൾ മാനേജ്മെന്‍റുകൾ ഡ്രൈവറുടെ പശ്ചാത്തലവും സ്വഭാവവും കൃത്യമായി വിലയിരുത്തണമെന്നും അല്ലാത്തപക്ഷം അവർക്കെതിരെയും നടപടിയുണ്ടാകുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. സ്കൂൾ കുട്ടികളുടെ യാത്ര പൂർണമായും സുരക്ഷിതമാക്കുക, ലഹരിപദാർഥം ഉപയോഗിച്ചുള്ള ഡ്രൈവർമാരുടെ വാഹനമോടിക്കൽ ഇല്ലാതാക്കുക എന്നിവയാണ് നടപടികളുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!