ഇന്ന് സമ്പൂർണ്ണ സൂര്യഗ്രഹണം; ഗ്രഹണ പാതയില്‍ 15 മില്യണ്‍ ആളുകള്‍; തല്‍സമയ സംപ്രേക്ഷണങ്ങളും ലഭ്യം…

വാനനിരീക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്. യൂറോപ്പിലുടനീളമുള്ള 15 മില്യണ്‍ ആളുകള്‍ക്ക് ഈ ആകാശ വിസ്മയത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാനാകും. പട്ടാപകല്‍ കൂരാകുരിട്ടിലേക്ക് വീഴുന്ന അദ്ഭുത കാഴ്ചയ്ക്കാണ് ഇവര്‍ സാക്ഷ്യം വഹിക്കുക. 20 വർഷത്തിന് ശേഷം യൂറോപ്പിൽ വീണ്ടും ദൃശ്യമാകുന്ന സമ്പൂർണ്ണ സൂര്യഗ്രഹണം എന്ന പ്രത്യേകതയും ഇതിനുണ്ട്. സ്പെയിൻ, പോർച്ചുഗൽ, ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളിൽ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. അതേസമയം, ഇന്ത്യയിലുള്ളവർക്ക് ഈ അപൂർവ്വ പ്രതിഭാസം നേരിട്ട് കാണാൻ സാധിക്കില്ല.
സമയ മേഖലകളിലെ വ്യത്യാസം കാരണം, ഇന്ത്യൻ സമയം (IST) അനുസരിച്ച് ഇന്ന് (ഓഗസ്റ്റ് 12) രാത്രി 9:45 മുതൽ ആഗസ്റ്റ് 13 പുലർച്ചെ 2:15 വരെയുള്ള സമയത്താണ് ഗ്രഹണം നടക്കുന്നത്. അതായത് ഇന്ത്യയിൽ ഈ സമയം രാത്രിയായതിനാൽ ഇന്ത്യക്കാർക്ക് ഈ സൂര്യഗ്രഹണം കാണാൻ കഴിയില്ല. എങ്കിലും ഗ്രഹണ പാതയില്‍ ഇല്ലാത്തവര്‍ക്ക് ഓൺലൈൻ ലൈവ് സംപ്രേക്ഷണങ്ങളിലൂടെ ഈ വിസ്മയ കാഴ്ച ആസ്വദിക്കാവുന്നതാണ്.
വടക്കേ റഷ്യ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, നോർത്ത് അറ്റ്‌ലാന്റിക്, സ്‌പെയിൻ, പോർച്ചുഗലിന്റെ ചെറിയൊരു ഭാഗം എന്നിവിടങ്ങളിലൂടെയാണ് ഗ്രഹണ പാത കടന്നുപോകുന്നത്. ഇവിടങ്ങളില്‍ സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകും. അതേസമയം. യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ, കാനഡ, യുഎസിന്റെ വടക്കേ ഭാഗങ്ങൾ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും.
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.
അതേസമയം, ഓഗസ്റ്റ് 12 മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സൂര്യഗ്രഹണത്തിന് പുറമെ വർഷം തോറും ദൃശ്യമാകുന്ന പെർസീഡ് ഉൽക്കാവർഷം അതിന്‍റെ പാരമ്യത്തിലെത്തുന്നതും അന്നാണ്. പകൽ സമയത്ത് സൂര്യഗ്രഹണവും രാത്രിയിൽ ഉൽക്കാവർഷവും ഒരേ ദിവസമെത്തുന്നു എന്നത് ആകാശ നിരീക്ഷകരെ സംബന്ധിച്ച് വലിയൊരു വിസ്മയമായിരിക്കും. അമാവാസി ദിനമായതിനാൽ ചന്ദ്രന്റെ വെളിച്ചം കുറവായിരിക്കുമെന്നത് ഉൽക്കാവർഷം വ്യക്തമായി കാണാൻ മികച്ച അന്തരീക്ഷം ഒരുക്കും. കൂടാതെ ഓഗസ്റ്റ് 28-ന് ഭാഗിക ചന്ദ്രഗ്രഹണവും വരുന്നുണ്ട്.



