വട്ടവടയില്‍ ക്യാരറ്റ് ക്ലീനിംങ്ങ് യൂണിറ്റുകള്‍ പരിപാലനവും പ്രവര്‍ത്തനവും ഇല്ലാതെ നശിക്കുന്നു.

മൂന്നാര്‍: ശീതകാല പച്ചക്കറികൃഷിയുടെ വിളനിലമായ വട്ടവടയില്‍ കര്‍ഷകര്‍ ധാരാളമായി ക്യാരറ്റ് ഉത്പാദിപ്പിക്കുന്നുണ്ട്. മാര്‍ക്കറ്റിലേക്കെത്തിക്കുന്നതിനൊപ്പം വിനോദസഞ്ചാരികള്‍ക്കും ക്യാരറ്റ് കര്‍ഷകര്‍ വില്‍പ്പന നടത്തുന്നുണ്ട്. വിളവെടുക്കുന്ന ക്യാരറ്റ് വൃത്തിയാക്കുന്നതിന് കര്‍ഷകര്‍ക്ക് സഹായമെന്നോണമായിരുന്നു വട്ടവടയുടെ വിവിധയിടങ്ങളില്‍ ക്യാരറ്റ് ക്ലീനിംങ്ങ് യൂണിറ്റുകള്‍ യൂണിറ്റുകള്‍ സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ ഇന്നീ യൂണിറ്റുകള്‍ പരിപാലനവും പ്രവര്‍ത്തനവും ഇല്ലാതെ നശിക്കുകയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ചിട്ടുള്ള യൂണിറ്റുകള്‍ ഒട്ടുമിക്കതും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. 2013-14 വര്‍ഷത്തില്‍ രാഷ്ട്ര കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനാണ് പ്രദേശത്ത് ക്യാരറ്റ് ക്ലീനിംങ്ങ് യൂണിറ്റുകള്‍ സ്ഥാപിച്ചത്.
കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ചിലവഴിച്ച ലക്ഷക്കണക്കിന് രൂപയാണ് ക്യാരറ്റ് ക്ലീനിംങ്ങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ പാഴായി പോയത്. ഈ യൂണിറ്റുകള്‍ തുറന്ന് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും വിധം പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യം.