Latest NewsLocal news

നിങ്ങളുടെ മകനാണ് ഞാനെന്ന് കരുതി പറയുവാണ്… നിങ്ങൾ താഴെയിറങ്ങ്’; ഗൃഹനാഥന്റെ ജീവൻ രക്ഷിച്ചെടുത്ത് കയ്യടി നേടി ഇടുക്കി എസ്.ഐ

ചുമതലയേറ്റ് വെറും രണ്ടുദിവസം പിന്നിടുമ്പോഴേക്കും ഒരു ജീവൻ രക്ഷിച്ചെടുത്ത് നാടിന്റെ കയ്യടി നേടുകയാണ് ഇടുക്കി എസ്.ഐ ബിബിൻ. ഇടുക്കി തടിയമ്പാട് കുടുംബപ്രശ്നങ്ങളെ തുടർന്ന് കതകടച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ സ്നേഹവാക്കുകളിലൂടെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ.

ഇടുക്കി തടിയമ്പാട് കാർത്യായനി കവലയിലാണ് നാടിനെ മുൾമുനയിൽ നിർത്തിയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യപിച്ചെത്തിയ ഗൃഹനാഥൻ വർഗ്ഗീസ് ഭാര്യയെയും മകളെയും വാക്കത്തി കാട്ടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പരിഭ്രാന്തയായ ഭാര്യ ഉടൻതന്നെ പോലീസ് എമർജൻസി നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിച്ചു. സന്ദേശം ലഭിച്ചയുടൻ ഇടുക്കി എസ്.ഐ ബിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

പോലീസിനെ കണ്ടതോടെ ഭയന്ന വർഗ്ഗീസ് വീടിന്റെ മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. പോലീസ് എത്ര അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഇയാൾ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് കതക് ചവിട്ടിപ്പൊളിക്കാതെ അതീവ ക്ഷമയോടെയും തന്മയത്വത്തോടെയും എസ്.ഐ ബിബിൻ വർഗ്ഗീസിനോട് സംസാരിക്കാൻ തുടങ്ങി. “വർഗ്ഗീസ് ചേട്ടാ, നിങ്ങളുടെ മകനാണ് ഞാൻ എന്ന് കരുതി ഞാൻ പറയുന്നു… നിങ്ങൾ താഴെയിറങ്ങ്…” എന്ന എസ്.ഐയുടെ സ്നേഹനിർഭരമായ വാക്കുകൾ ഒടുവിൽ ഫലം കണ്ടു.

മനസ്സലിഞ്ഞ വർഗ്ഗീസ് ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിയുകയും വാതിൽ തുറന്ന് പുറത്തിറങ്ങി പോലീസിനോട് സഹകരിക്കുകയും ചെയ്തു. താഴെയിറങ്ങിയ ഗൃഹനാഥനെ ആശ്വസിപ്പിച്ച പോലീസ്, കുടുംബത്തിലെ തർക്കങ്ങളും പ്രശ്നങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. വീട്ടുകാരുമായി സംസാരിച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും ആവശ്യമായ കൗൺസിലിംഗ് നൽകുകയും ചെയ്ത ശേഷമാണ് പോലീസ് സംഘം അവിടെനിന്ന് മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!