KeralaLatest News

പ്രസ്താവന സ്ത്രീവിരുദ്ധം, സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ചിരുന്നാല്‍ ഒരു മതാചാരവും ലംഘിക്കപ്പെടില്ല’; കാന്തപുരത്തിനെതിരെ സിപിഎം

കണ്ണൂര്‍: പൊതുഇടങ്ങളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്നും ഇസ്‌ലാമിക ആഘോഷങ്ങള്‍ അതിരുകടക്കുന്നതില്‍ ജാഗ്രത വേണമെന്നുമുള്ള സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിര്‍ദേശത്തിനെതിരെ സിപിഎം. സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ പറഞ്ഞു.

‘സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തില്‍ മുസ്‌ലിം സ്ത്രീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളില്‍ വിന്യസിക്കപ്പെട്ടവരുമാണ്. അവരില്‍ എംഎല്‍എമാരും മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്. ജഡ്ജിമാരും വക്കീലന്മാരും ഡോക്ടര്‍മാരും അധ്യാപകരും ടെക്നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവര്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേരുകയും മീറ്റിങ്ങുകളില്‍ വേദി പങ്കിടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡല്‍ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയില്‍ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല.’ -ശൈലജ അഭിപ്രായപ്പെട്ടു.

ഇസ്‌ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്നായിരുന്നു സമസ്ത കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലര്‍. ഇത്തരം പരിപാടികള്‍ തികച്ചും ഇസ്‌ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും, ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. അത് അനുവദനീയമല്ല. മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന്‍ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും, വരും തലമുറയിലേക്ക് സന്മാര്‍ഗികമായ മാതൃകകള്‍ പകര്‍ന്നുനല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു.

കാന്തപുരം വിഭാഗത്തിന്റെ നിര്‍ദേശത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയും വിമര്‍ശിച്ചിരുന്നു. പ്രദര്‍ശനം എന്ന ഒരു വാക്ക് എങ്ങനെയാണ് ജീവനുള്ളവരെ കുറിച്ച് ഉപയോഗിക്കുകയെന്നും ജീവനില്ലാത്ത വസ്തുവിനെയാണ് പ്രദര്‍ശിപ്പിക്കുകയെന്നും പി.കെ ശ്രീമതി പറഞ്ഞു. ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. അത് ആര് തന്നെ പറഞ്ഞാലും പിന്‍വലിക്കണമെന്നും പി.കെ ശ്രീമതി ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!