
അടിമാലി : “ഖൽബിലുണ്ട് എന്റെ നബി” എന്ന സന്ദേശം മുൻനിർത്തി സെപ്റ്റംബർ 5ന് അടിമാലിയിൽ സംഘടിപ്പിക്കുന്ന മദ്ഹുറസൂൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കോൺഫറൻസിന്റെ പ്രചാരണ യാത്ര ഓഗസ്റ്റ് 31ന് വൈകുന്നേരം നാലിന് മൂന്നാർ പള്ളിവാസൽ മഖാം സിയാറത്തോടെ ആരംഭിക്കും. സെപ്റ്റംബർ 1, 2, 3, 4, 5 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സെപ്റ്റംബർ 5ന് വൈകുന്നേരം അഞ്ചിന് അടിമാലിയിൽ പ്രചാരണ യാത്ര സമാപിക്കും. വിവിധ കേന്ദ്രങ്ങളിൽ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ, സോൺ, യൂണിറ്റ് നേതാക്കൾ സംസാരിക്കും.
സെപ്റ്റംബർ 5ന് അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന മദ്ഹുറസൂൽ കോൺഫറൻസിന് പി.കെ. അലി പതാക ഉയർത്തും. സയ്യിദ് മൻസൂർ തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇടുക്കി ജില്ലാ പ്രസിഡന്റ് അബ്ദുൽഹമീദ് ബാഖവി അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
കേരള മുസ്ലിം ജമാഅത്ത് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽകരീം സഖാഫി പ്രഭാഷണം നടത്തും. അടിമാലി ടൗൺ ചീഫ് ഇമാം ഡോ. അഹ്മദ് കബീർ ബാഖവി അടിവാട് ആശംസകൾ അർപ്പിക്കും. തുടർന്ന് മദ്ഹുറസൂൽ പ്രഭാഷണത്തിനും പ്രാർത്ഥനാ മജ്ലിസിനും സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകും.
സയ്യിദ് സിയാദ് തങ്ങൾ അൽ ബുഖാരി കൊന്നാര, കെ.എം. സുബൈർ അഹ്സനി, മുഹമ്മദ് ലത്വീഫി, എ.എ. സക്കീർ, ഷഫീഖ് ബുഖരി എന്നിവർ പങ്കെടുക്കും.
വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് സ്ഥാപിച്ച സൈക്കോളജി പഠനകേന്ദ്രമായ സി.എൽ.സിയുടെ മൂന്നാം വാർഷികവും പഠനം പൂർത്തിയാക്കിയവരുടെ കോൺവൊക്കേഷൻ പ്രഖ്യാപനവും ചടങ്ങിൽ നടക്കുമെന്ന് സ്വാഗതസംഘം രക്ഷാധികാരി പി.കെ. അലി, ചെയർമാൻ സി.എസ്. മൊയ്തീൻ, ജനറൽ കൺവീനർ ഹാഷിം വി.ബി., കൺവീനർ സൽസബീൻ, സി.എൽ.സി ഡയറക്ടർ സി.പി മുഹമ്മദ് മുസ്തഫ അഹ്സനി എന്നിവർ അറിയിച്ചു.



