KeralaLatest NewsLocal news

പൂജ അവധി: കോളടിച്ച് മൂന്നാറിലെ ഡബിള്‍ ഡെക്കര്‍

പൂജ അവധി ദിവസങ്ങളില്‍ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ കൂട്ടമായെത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസിനും മികച്ച നേട്ടം. ഒക്ടോബര്‍ 17 മുതല്‍ 21 വരെയുള്ള അഞ്ചുദിവസത്തിനിടെ 1191 പേരാണ് ഡബിള്‍ ഡെക്കര്‍ ബസുകളില്‍ യാത്ര ചെയ്തത്. ലഭിച്ചത് 4,06,000 രൂപ.
 മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേറിട്ട യാത്രാനുഭവം സമ്മാനിക്കുന്ന പദ്ധതിയാണ് കെ.എസ.്ആര്‍.ടി.സി യുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസുകള്‍. നിലവില്‍ രണ്ടു ഡബിള്‍ ഡെക്കര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്.

മൂന്നാറിന്റെ മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപ്പാര്‍ന്ന തേയിലത്തോട്ടങ്ങളുടെയും  മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് ഡബിള്‍ ഡെക്കര്‍ ബസുകളെ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകര്‍ഷണമാക്കി മാറ്റുന്നത്. മൂന്നാറില്‍ നിന്നു കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ ആനയിറങ്കല്‍ ഡാമിനു സമീപം വരെയാണ് യാത്ര. യാത്രയില്‍ അഞ്ചിടങ്ങളില്‍ ബസ് നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്.

കെ.എസ്.ആര്‍.ടി.സി.യുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസ് 2025 ഫെബ്രുവരി എട്ടിനാണ് മൂന്നാറില്‍ ആരംഭിച്ചത്.  ഈ വര്‍ഷം ജനുവരി നാലിന് രണ്ടാമത്തെ ബസും സര്‍വീസ് തുടങ്ങി. ഇതോടെ കൂടുതല്‍ സഞ്ചാരികള്‍ക്ക് ഡബിള്‍ ഡക്കര്‍ യാത്രയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

മുകള്‍ നിലയില്‍ ഒരാള്‍ക്ക് 400 രൂപയും താഴത്തെ നിലയില്‍ 200 രൂപയാണ് നിരക്ക്. മുകള്‍ നിലയില്‍ 38 സീറ്റും താഴത്തെ നിലയില്‍ 12 സീറ്റുമാണുള്ളത്.

രാവിലെ 9 മുതല്‍ വൈകുന്നേരം 4.30 വരെ ആറ് സര്‍വീസുകളാണ് രണ്ടു ബസും കൂടി നടത്തുന്നത്.

ഡബിള്‍ ഡെക്കറില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
നേരിട്ടും കെ.എസ്.ആര്‍.ടി.സി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും ബുക്ക് ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!