ചെങ്കുളം ഓഗ് മെന്റേഷന്‍ പദ്ധതി യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.

അടിമാലി: ഏതാനും നാളുകളായി മുടങ്ങിക്കിടന്ന ചെങ്കുളം ഓഗ് മെന്റേഷന്‍ പദ്ധതി യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച ചെങ്കുളം ഓഗ് മെന്റേഷന്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ കുറെ നാളുകളായി മുടങ്ങിക്കിടക്കുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ടണല്‍ നിര്‍മ്മാണത്തിന്റെ തുടര്‍ ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. 85 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് കെഎസ്ഇബി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കല്ലാറില്‍ കല്ലാര്‍ പുഴക്ക് കുറുകെ 80 മീറ്റര്‍ നീളവും 12.50 മീറ്റര്‍ ഉയരവുമുള്ള തടയണ നിര്‍മ്മിക്കും. 3.50 മീറ്റര്‍ വ്യാസമുള്ള ടണലിലൂടെയും 376 മീറ്റര്‍ നീളമുള്ള എക്‌സിറ്റ് ചാനലിലൂടെയും പുഴയിലെ വെള്ളം ചെങ്കുളം ഡാമിന്റെ റിസര്‍വോയറില്‍ എത്തിക്കും.
6.71 കിലോമീറ്ററോളം ടണല്‍ വഴി ചെങ്കുളം ഡാമില്‍ വെള്ളമെത്തിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററോളമാണ് ഇനി ടണല്‍ നിര്‍മാണം പൂര്‍ത്തീകരി ക്കാനുള്ളത്. 48 കോടിയാണ് പദ്ധതിയുടെ നിര്‍മ്മാണ ചെലവ്.