ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ആദിവാസി യുവതി ജീപ്പിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ആദിവാസി യുവതി ജീപ്പിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇടമലക്കുടി സ്വദേശിനിയായ 22വയസ്സുകാരിയാണ് ജീപ്പിനുള്ളില്‍ വച്ച് അമ്മയായത്.
യുവതിയും കുടുംബവും പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്ക് അടിമാലിയിലെ ആശുപത്രിയില്‍ എത്തേണ്ട സാഹചര്യമുള്ളതിനാല്‍ സൗകര്യാര്‍ത്ഥം ഒരാഴ്ച്ച മുമ്പ് മാങ്കുളം ആനക്കുളത്ത് വീട് വാടകക്കെടുത്ത് താമസം തുടങ്ങിയിരുന്നു. ഈ മാസം 22ആയിരുന്നു പ്രസവ തിയതിയായി ആശുപത്രി അധികൃതര്‍ ഇവരെ അറിയിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച്ച ഉച്ചയോടെ യുവതിക്ക് പ്രസവവേദന ആരംഭിച്ചു. ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ ആനക്കുളത്തു നിന്നും ജീപ്പ് വിളിച്ച് അടിമാലിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍ വാഹനം വിരിപാറ ഭാഗത്തെത്തിയതോടെ യുവതിക്ക് പ്രസവ വേദന കലശലാകുകയും വെള്ളിയാഴ്ച്ച രണ്ട് മണിയോടെ യുവതി ജീപ്പിനുള്ളില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
വാഹനത്തിലുണ്ടായിരുന്ന യുവതിയുടെ മാതാവ് പ്രസവ ശിശ്രൂഷകള്‍ നടത്തി. പ്രസവ ശേഷം അമ്മയേയും കുഞ്ഞിനേയും ഉടന്‍ കുടുംബാംഗങ്ങള്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.