
അടിമാലി: ദിവസവും നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണ് പനംകൂട്ടി കമ്പിളികണ്ടം റോഡ്. മുരിക്കാശ്ശേരി, കമ്പിളികണ്ടം മേഖലയില്‍ നിന്നും ആളുകള്‍ എളുപ്പത്തില്‍ പനംകൂട്ടിയില്‍ എത്താന്‍ ഈ പാത ഉപയോഗിക്കുന്നു. ഈ റോഡിനെ ദേശിയപാതയുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് പനംകൂട്ടി ചപ്പാത്തുള്ളത്. മുതിരപ്പുഴക്ക് കുറുകെയുള്ള ഈ ചപ്പാത്തിന് സമാന്തരമായി പുതിയൊരു പാലം കൂടി നിര്‍മ്മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.

പനംകൂട്ടി ചപ്പാത്തിന് പുഴയില്‍ നിന്നും അധികം ഉയരമില്ല. കാലവര്‍ഷം ശക്തിയാര്‍ജ്ജിക്കുയും കല്ലാര്‍കുട്ടി അണക്കെട്ട് തുറന്ന് മുതിരപ്പുഴയില്‍ ജലനിരപ്പുയരുകയും ചെയ്താല്‍ പനംകൂട്ടി ചപ്പാത്തിന് മുകളില്‍ വെള്ളം കയറാറുണ്ട്. ഈ സമയം ചപ്പാത്തിനെ യാത്രക്കായി ആശ്രയിക്കുന്നയാളുകള്‍ പ്രതിസന്ധിയിലാകും. വളരെയേറെ നീളമുള്ള ചപ്പാത്തിന് കൈവിരികള്‍ സ്ഥാപിച്ചിട്ടില്ല. പുഴയില്‍ ശക്തമായ വെള്ളമൊഴുക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൈവിരികളുടെ അഭാവം അപകടസാധ്യത ഉയര്‍ത്തുന്നതാണ്.
ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു പനംകൂട്ടിയില്‍ ചപ്പാത്ത് പണികഴിപ്പിച്ചത്. കാല്‍നടയാത്രികരും വാഹനയാത്രികരും ഒരേ പോലെ ആശ്രയിക്കുന്ന യാത്രാമാര്‍ഗ്ഗമെന്ന നിലയില്‍ പനംകൂട്ടി ചപ്പാത്തിന് സമാന്തരമായി പുതിയൊരു പാലം കൂടി യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ ആരംഭിക്കണമെന്നാണ് ആവശ്യം.