വന്യജീവി ശല്യം: മൂന്നാറില്‍ ജനജാഗ്രതാ സമതിയുടെ പ്രവര്‍ത്തനം ശക്തമാക്കി വനം വകുപ്പ്

മൂന്നാര്‍: വന്യജീവി ശല്യം രൂക്ഷമായ മൂന്നാറില്‍ ജനജാഗ്രതാ സമതിയുടെ പ്രവര്‍ത്തനം ശക്തമാക്കി വനം വകുപ്പ്. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ മുപ്പത്തിമൂന്ന് പ്രൈമറി വാളെഡ്യര്‍ റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മൂന്നാര്‍ ഗ്രാമ പഞ്ചായത്തിലും ജനജാഗ്രതാ സമതി രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മനുഷ്യ വന്യജീവി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന പഞ്ചായത്തില്‍ ജനജാഗ്രതാ സമിക്ക് കീഴിലായി മുപ്പത്തിമൂന്ന് പ്രൈമറി വാളെഡ്യര്‍ റസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കും.
നിലവില്‍ രൂപീകരിച്ചിരിക്കുന്ന റസ്‌പോണ്‍സ് ടീം അംഗങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറും പൊലീസിന്റെ ക്ലീയറന്‍സ് കൂടി കിട്ടിയതിന് ശേഷമാകും പരിശീലനമടക്കം നല്‍കുക. മൂന്നാറില്‍ ചേര്‍ന്ന ജനജാഗ്രതാ സമതി യോഗം നിലവിലെടുത്തിരിക്കുന്ന പ്രൈമറി റസ്‌പോണ്‍സ് ടീമിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം അത്യാവശ്യഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിന് റസ്‌ക്യൂ വാനും മൂന്നാറില്‍ ഒരാഴ്ചയ്ക്കുള്ളില്‍ എത്തിക്കും. ഇടമലക്കുടി അടക്കമുള്ള വിദൂര പ്രദേശങ്ങളില്‍ ഉള്‍പ്പടെ ആശുപത്രി ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് വാഹനം എത്തിക്കുന്നത്. പ്രൈമറി റസ്‌പോണ്‍സ് ടീം പ്രവര്‍ത്തനം സജീവമാകുന്നതോടെ ആനയടക്കം ജനവാസ മേഖലയില്‍ എത്തിയാല്‍ ഈ വിവരം അപ്പോള്‍ തന്നെ ജനങ്ങളെയും ആര്‍ ആര്‍ ടി സംഘത്തെയും അറിയിക്കാന്‍ സാധിക്കും.
ഒപ്പം ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതെയും അപകടങ്ങള്‍ ഉണ്ടാകാതെയും പ്രതിരോധം തീര്‍ക്കാനും കഴിയുമെന്നും വനം വകുപ്പ് വ്യക്തമാക്കി. മൂന്നാറില്‍ ചേര്‍ന്ന ജനജാഗ്രതാ സമതി യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു