ചൊക്രമുടിയിലെ വിവാദ ഭൂമിയില്‍ റവന്യൂ വകുപ്പിന്റെ നടപടികള്‍ തുടരുന്നു; ഒരു അനധികൃത പട്ടയം കൂടി റദ്ദ് ചെയ്തു

അടിമാലി: ചൊക്രമുടിയിലെ വിവാദ ഭൂമിയില്‍ റവന്യൂ വകുപ്പിന്റെ നടപടികള്‍ തുടരുന്നു.മേഖലയിലെ ഒരു അനധികൃത പട്ടയം കൂടി റദ്ദ് ചെയ്തു. വിന്റര്‍ ഗാര്‍ഡന്‍ എന്ന റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്ന ഭൂമിയുടെ പട്ടയമാണ് റദ്ദ് ചെയ്തത്. മേരികുട്ടി വര്‍ഗീസ് വാഴയില്‍ ചൊക്രമുടി എന്ന മേല്‍വിലാസത്തില്‍ ഉള്ള പട്ടയം ആണ് റദ്ദ് ചെയ്യപ്പെട്ടിട്ടുള്ളത്. പട്ടയത്തില്‍ സൂചിപ്പിക്കുന്ന സര്‍വ്വേ നമ്പറും എല്‍ എ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയത്തോടെയാണ് നടപടി.
ഒരേക്കറില്‍ അധികം ഭൂമിയാണ് അനധികൃതമായി പട്ടയം സമ്പാദിച്ച് ഇവര്‍ കൈവശം വെച്ചിരുന്നത്. വിന്റര്‍ ഗാര്‍ഡന്‍ എന്ന പേരില്‍ റിസോര്‍ട്ടും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.മുമ്പ് റദ്ദ് ചെയ്ത നാല് പട്ടയങ്ങളില്‍ ആയി 13.79 ഏക്കര്‍ ഭൂമിയാണ് അനധികൃതമായി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയിരുന്നത്. 60 ഓളം ആളുകളുടെ കൈവശം ആയിരുന്നു ഈ ഭൂമി. മേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.