
അടിമാലി: പള്ളിവാസല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗ്രാമ മേള സജ്ജം 2025ന്റെ വാര്‍ഡ് തല ഉദ്ഘാടനം കുരിശുപാറയില്‍ നടന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഒരു കുടക്കീഴിലാക്കികൊണ്ട് പടിവാതില്‍ക്കലേക്ക് പള്ളിവാസല്‍ പഞ്ചായത്ത് എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഗ്രാമമേളകള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രദര്‍ശന സ്റ്റാളുകള്‍, വിവിധ ആരോഗ്യ വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ, മറ്റ് വകുപ്പ് തല സേവനങ്ങള്‍, പ്രദേശവാസികളുടെ കലാപരിപാടികള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് ഗ്രാമമേള. വിവിധ സര്‍ക്കാര്‍ പദ്ധതികളെ പൊതുജനങ്ങള്‍ക്കരികിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ 8 കേന്ദ്രങ്ങളില്‍ ഗ്രാമമേളകള്‍ നടക്കും. കുരിശുപാറയില്‍ നടന്ന ഗ്രാമമേള പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അയല്‍ സംസ്ഥാന തൊഴിലാളികളടക്കം ഗ്രാമമേളയുടെ സേവനം പ്രയോജനപ്പെടുത്താന്‍ എത്തിയിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ പള്ളിവാസല്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി എസ് അഭിലാഷ് അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം മിനി ലാലു സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. റിനു തങ്കപ്പന്‍ ആരോഗ്യ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.