കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ബൈക്കില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം

മൂന്നാര്‍: ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും വാഹനങ്ങളിലുള്ള അഭ്യാസപ്രകടനവും സാഹസിക യാത്രകളും ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം ചിത്തിരപുരത്തിന് സമീപം യുവതി കാറില്‍ അപകടകരമായി യാത്ര ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ദേശിയപാതയുടെ ഭാഗമായ മൂന്നാര്‍ ദേവികുളം റോഡില്‍ ബൈക്കില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം നടന്നിട്ടുള്ളത്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമാണ് യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയത്. ഈ സമയം റോഡില്‍ വേറെയും നിരവധി വാഹനയാത്രികരുണ്ടായിരുന്നു. അങ്ങേയറ്റം അപകടകരമായ രീതിയില്‍ രണ്ട് യുവാക്കളാണ് റോഡിലൂടെ ബൈക്ക് ഓടിച്ചത്. നാളുകള്‍ക്ക് മുമ്പ് മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വാഹനത്തിലുള്ള സാഹസികയാത്ര ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. സമാന സംഭവങ്ങള്‍ വര്‍ധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടിയും പരിശോധനയും കടുപ്പിച്ചു. നിയമലംഘകര്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടന്നിരുന്നു. ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതിന് ശേഷം സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.