
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ മുനിപാറക്കും വിരിപാറക്കുമിടയില് കാട്ടാനയുടെ ശല്യത്താല്‍ പൊറുതിമുട്ടി പ്രദേശവാസികള്‍. രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകളിവിടെ ജനവാസ മേഖലകളില്‍ ഇറങ്ങുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും മുനിപാറ മേഖലയില്‍ പകല്‍ സമയത്ത് പോലും കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങി. കൃഷിയിടങ്ങളില്‍ എത്തുന്ന ആന വലിയ തോതില്‍ കൃഷിനാശവും വരുത്തിയാണ് മടങ്ങാറ്. കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചതോടെ ഇതുവഴിയുള്ള ആളുകളുടെ യാത്രയും പ്രതിസന്ധിയിലായി.
വിനോദ സഞ്ചാര കേന്ദ്രമായി മാറിയതോടെ മാങ്കുളത്തേക്കും ആനക്കുളത്തേക്കുമൊക്കെ കല്ലാര്‍ മാങ്കുളം റോഡിലൂടെ ധാരാളം ആളുകള്‍ സഞ്ചരിക്കുന്നുണ്ട്. വിനോദ സഞ്ചാര വാഹനങ്ങള്‍ക്ക് പുറമെ വിവിധ ആവശ്യങ്ങള്‍ക്ക് മാങ്കുളത്തിന് പുറത്തുപോയി മടങ്ങുന്നവരും യാത്രികരായി ഉണ്ട്. നേരമിരുളുന്നതോടെ ഈ മേഖലയിലൂടെ കാട്ടാനകളെ ഭയന്ന് വേണം യാത്ര നടത്താന്‍. വിഷയത്തില്‍ വനം വകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെയും വാഹനയാത്രികരുടെയും പരാതി. കാട്ടാന ശല്യം പ്രതിരോധിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിരിപാറ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ ജനകീയ സമരം സംഘടിപ്പിച്ചിരുന്നു.

വേനല്‍ കനക്കുന്നതോടെ കാട്ടാനകളുടെ ശല്യം വലിയ തോതില്‍ വര്‍ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രാത്രികാലത്ത് അടിമാലിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട രോഗിയടങ്ങുന്ന യാത്രാ സംഘം രാത്രിയില്‍ കാട്ടാനക്ക് മുമ്പില്‍ അകപ്പെടുകയും ഏറെ നേരം വഴിയില്‍ കുടുങ്ങുകയും ചെയ്ത സംഭവം പോയ വര്‍ഷം ഉണ്ടായിട്ടുണ്ട്. മാങ്കുളത്തു നിന്നും പുറം ലോകത്തേക്കുള്ള പ്രധാന പാതയെന്ന നിലയില്‍ ഈ റോഡിലെ കാട്ടാനയുടെ സാന്നിധ്യം ഒഴിവാക്കാനുള്ള ഫലപ്രദമായ നടപടി വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ആവശ്യം.