
ഇടുക്കി കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ കടത്തും വില്പനയും വ്യാപകമായതിനെ തുടർന്ന് പോലീസും എക്സൈസും പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ എംഡിഎംഎയുമായി യുവാക്കളെ തൊടുപുഴ പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിനിമ മേക്കപ്പ് മാനെ കഞ്ചാവുമായി പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുള്ള രഞ്ജിത് ആണ് എക്സൈസ് പിടിയിലായത്. 45 ഗ്രം കഞ്ചാവ് ഇയാളില്‍നിന്ന് എക്സൈസ് പിടിച്ചെടുത്തു. ഇടുക്കിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘അട്ടഹാസം’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. വാഗമൺ റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. സിനിമ സെറ്റ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരവും എക്സൈസിന് ഉണ്ടായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.