
എമ്പുരാന്റെ റിലീസിന്റെ ആവേശത്തിൽ നിൽക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഇരട്ടി മധുരവുമായി മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ ട്രെയ്ലർ റിലീസ് ചെയ്തു. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനും നടനുമായ ഗൗതം മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഗൗതം മേനോൻ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം മമ്മൂട്ടി നായകനായ ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പഴ്സ് ആയിരുന്നു. ബസൂക്കയുടെ ചിത്രീകരണം അവസാനിച്ച ശേഷമാണു ഗൗതം മേനോൻ ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പഴ്‌സിന്റെ കഥ മമ്മൂട്ടിയോട് പറയുന്നത്. ആ ചിത്രത്തിന്റെ ചിത്രീകരണവും റിലീസും കഴിഞ്ഞു രണ്ട മാസം പിന്നിട്ട ശേഷമാണ് ബസൂക്ക റിലീസിനെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ എന്നിവർ ചേർന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. നിമിഷ് രവി, റോബി വർഗീസ് എന്നിവർ ചേർന്നാണ് ബസൂക്കയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പും, ആക്ഷൻ രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ ഇതിനകം 6 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.മമ്മൂട്ടി ആരാധകർ ചേർന്ന് തൃശൂർ രാഗം തിയറ്ററിൽ സംഘടിപ്പിച്ച ബസൂക്കയുടെ ട്രെയ്‌ലറിന്റെ പ്രത്യേക പ്രദർശനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴിഞ്ഞു. മമ്മൂട്ടിക്കും, ഗൗതം മേനോനും ഒപ്പം ഷറഫുദ്ധീൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ്, ഐശ്വര്യ മേനോൻ ദിവ്യ പിള്ള എന്നിവരും പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ 10 ന് റിലീസ് ചെയ്യും.