
മൂന്നാർ :ആനയിറങ്കൽ ജലാശയത്തിൽ നീന്തുന്നതിനിടെ ഗൃഹനാഥൻ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനർസിറ്റി പുത്തൻപറമ്പിൽ രാജൻ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയിൽ മേസ്തിരി പണിക്ക് എത്തിയ രാജൻ ഇന്ന് ജോലിയില്ലാത്തതിനാൽ രാവിലെ 10 ന് സുഹൃത്ത് സെന്തിൽ കുമാറിനൊപ്പം ബൈക്കിൽ ആനയിറങ്കലിൽ എത്തി. ഹൈഡൽ ടൂറിസം സെന്ററിന്റെ സമീപത്ത് രാജൻ ഇറങ്ങിയശേഷം സെന്തിൽ ജലാശയത്തിന്റെ മറുകരയിലേക്ക് ബൈക്കിൽ പോയി. ജലാശയം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജൻ ഇവിടെ ഇറങ്ങിയത്. ജലാശയത്തിന്റെ പകുതി പിന്നിട്ടതോടെ രാജൻ മുങ്ങിത്താഴ്ന്നു.
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ആനിയിറങ്കൽ വ്യൂ പോയിന്റിന് സമീപം ജലാശയത്തിന്റെ കാഴ്ചകൾ കണ്ടുകൊണ്ടു നിന്ന ചില സഞ്ചാരികളാണ് ജലാശയത്തിൽ ഒരാൾ മുങ്ങിത്താഴുന്നത് കണ്ടത്. ഇവർ അറിയിച്ചതോടെ നാട്ടുകാരിൽ ചിലർ ജലാശയത്തിന് സമീപത്ത് എത്തിയെങ്കിലും രാജൻ മുങ്ങി താഴ്ന്നിരുന്നു. തുടർന്ന് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തുകയും മൂന്നാർ ഫയർഫോഴ്സ് യൂണിറ്റിന് വിവരം അറിയിക്കുകയും ചെയ്തു.
ലീഡിങ് ഫയർമാൻ മനോജിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തൻപാറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.