കല്ലാര്‍കുട്ടി അണക്കെട്ടില്‍ കാണാതായ അഞ്ചാംമൈല്‍ സ്വദേശി ചാത്തമലയില്‍ ജനാര്‍ദ്ദനന്റെ മൃതദേഹം കണ്ടെത്തി

അടിമാലി: കല്ലാര്‍കുട്ടി അണക്കെട്ടില്‍ ഇന്നലെ വൈകുന്നേരത്തോടെ കാണാതായ അഞ്ചാംമൈല്‍ സ്വദേശി ചാത്തമലയില്‍ ജനാര്‍ദ്ദനന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അഞ്ചാംമൈല്‍ സ്വദേശി ചാത്തമലയില്‍ ജനാര്‍ദ്ദനനെ കല്ലാര്‍കുട്ടി അണക്കെട്ടില്‍ കാണാതായത്. കല്ലാര്‍കുട്ടി വെള്ളത്തൂവല്‍ റോഡിലുള്ള കല്ലാര്‍കുട്ടി പാലത്തില്‍ നിന്നും ഇയാള്‍ അണക്കെട്ടിലെ ജലാശയത്തിലേക്ക് ചാടിയതായാണ് സാഹചര്യ തെളിവുകളുടെ പശ്ചാത്തലത്തിലുള്ള അനുമാനം.
ജനാര്‍ദ്ദനന്‍ ഉപയോഗിച്ചിരുന്ന ചില സാധന സാമഗ്രികള്‍ സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. സംഭവ ശേഷം അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിരുന്നെങ്കിലും വെളിച്ചക്കുറവ് മൂലം തിരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ അടിമാലി അഗ്നിരക്ഷാ സേനയും തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബാ ടീമും സ്ഥലത്തെത്തി. ഇവര്‍ നടത്തിയ പരിശോധനയിലാണ് ജനാര്‍ദ്ദനന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



