കല്ലാറില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തുടര്‍ ജോലികള്‍ വേഗത്തിലാക്കണം

അടിമാലി: അടിമാലി കല്ലാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തുടര്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2018ലെ പ്രളയത്തില്‍ ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു കല്ലാറില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ദേശിയപാതയോരത്ത് താഴത്തെ കല്ലാറിലാണ് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി അറുപത് ലക്ഷം രൂപയും പള്ളിവാസല്‍ പഞ്ചായത്തിന്റെ 37 ലക്ഷം രൂപയും ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
ബലക്ഷയം വന്ന കെട്ടിടം പൊളിച്ച് നീക്കി മണ്‍ജോലികള്‍ നടത്തി. കെട്ടിടത്തിന്റെ ഒരു ഭാഗത്തെ സ്ട്രക്ച്ചറല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചു. ശേഷിക്കുന്ന തുടര്‍ ജോലികള്‍ കൂടി വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യമാണുയരുന്നത്. അതേ സമയം കഴിഞ്ഞ മഴയില്‍ നിര്‍മ്മാണം നടന്നിരുന്ന ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നതായും ഈ മണ്ണ് നീക്കി സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് പഞ്ചായത്ത് മുന്‍ കൈയ്യെടുത്തിട്ടുള്ളതായും പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു. വൈകാതെ കെട്ടിടത്തിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണം സാധ്യമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
നിലവില്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ച് വരുന്നത് ദേശിയപാതയോരത്ത് തന്നെയുള്ള പരിമിതമായ സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലാണ്. തോട്ടം മേഖലയില്‍ നിന്നുള്ള നിരവധി കുടുംബങ്ങളടക്കം ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് കല്ലാറിലെ കുടുംബാരോഗ്യ കേന്ദ്രം. ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ചികിത്സാലയത്തെ പിന്നീട് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയായിരുന്നു. പുതിയ കെട്ടിടത്തിന്റെ ജോലികള്‍ പൂര്‍ത്തീകരിക്കപ്പെട്ടാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനാകും.