ദളിത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേവികുളം എം എല്‍ എ ഓഫീസിലേക്ക് വായ് മൂടികെട്ടി മാര്‍ച്ചും ധര്‍ണ്ണയും നടത്തും

അടിമാലി: സംസ്ഥാനത്തെ പട്ടികവിഭാഗകാര്ക്ക് ബജറ്റില്‍ പ്ലാന്‍ അലോക്കേഷനായി ഉള്‍പ്പെടുത്തിയിരുന്ന തുക വെട്ടിച്ചുരുക്കിയെന്നാരോപിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ദേവികുളം എം എല്‍ എ ഓഫീസിലേക്ക് വായ് മൂടികെട്ടി മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ പട്ടികവിഭാഗകാര്ക്ക് ബജറ്റില്‍ പ്ലാന്‍ അലോക്കേഷനായി ഉള്‍പ്പെടുത്തിയിരുന്ന 611 കോടി രൂപ വെട്ടിച്ചുരുക്കിയെന്നാണ് ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ ആരോപണം. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ഭരണകക്ഷിയിലെ 14 പട്ടിക ജാതി സംവരണ വിഭാഗത്തില്‍പ്പെട്ട എം എല്‍ എമാര്‍ പ്രതികരിച്ചില്ലെന്നും ദളിത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് 14 എം എല്‍ എമാരുടെയും ഓഫീസിലേക്ക് ദളിത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന അഡ്വ. എ രാജ എം എല്‍ എയുടെ ഓഫീസിലേക്ക് ഈ മാസം 7ന് ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വായ മൂടികെട്ടി പ്രതിഷേധമാര്‍ച്ച് നടത്തും.ഭാരതീയ ദളിത് കോണ്‍ഗ്രസ് അടിമാലി ദേവികുളം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. സമരം മുന്‍ എം എല്‍ എ എ കെ മണി ഉദ്ഘാടനം ചെയ്യും. ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ നേതാക്കളും കോണ്‍ഗ്രസിന്റെ മറ്റ് പോഷക സംഘടനാ നേതാക്കളും പ്രതിഷേധ സമരത്തില്‍ സംസാരിക്കുമെന്ന് ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി എ സജി, സംസ്ഥാന സെക്രട്ടറി സി ജി എന്‍സണ്‍, ആദിവാസി കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ബാബു ഉലകന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.