സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവം; സമീർ താഹിറിനെ ചോദ്യം ചെയ്യും

സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്‌സൈസ്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിനെ ചോദ്യം ചെയ്യും. സമീറിന്റെ പേരിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ ഫ്ലാറ്റ്.
ഖാലിദ് റഹ്മാനും അഷറഫ് ഹംസക്കും കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച് എങ്കിലും അന്വേഷണം കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനാണ് എക്‌സൈസ് നീക്കം. ആദ്യപടിയായി ഫ്ലാറ്റ് ഉടമയായ സമീർ താഹിറിനെ ചോദ്യം ചെയ്യും. NDPS ആക്ട് പ്രകാരം ലഹരി ഉപയോഗിക്കാൻ സ്ഥലം നൽകുന്നതും കുറ്റകരമാണ്. സമീർ താഹിറിന്റെ അറിവോടെയാണ് ലഹരി ഉപയോഗം എന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടാൽ പ്രതിച്ചേർക്കും. ചോദ്യംചെയ്യലിന് ഹാജരാകാൻ സമീറിന് ഉടൻ നോട്ടീസ് അയക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി ഡയറക്ടർ ടി എം മജു പറഞ്ഞു.
സംവിധായകൻ ഖാലിദ് റഹ്മാൻ എക്സൈസിനെ കബളിപ്പിക്കാൻ ശ്രമിച്ചു. ആദ്യഘട്ടത്തിൽ സ്വന്തം പേര് വിവരങ്ങൾ മറച്ചുവെച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ സംവിധായകർക്ക് ഹൈബ്രിഡ് കഞ്ചാവ് കൈമാറിയ ഇടനിലക്കാരന്റെ ചില വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടുമാസം മുൻപ് ഇതേ ഫ്ലാറ്റിൽ എക്സൈസ് പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. ആലപ്പുഴയിൽ പിടിയിലായ തസ്ലീമയുമായി പ്രതികൾ ലഹരി ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് എക്സൈസ് സംഘം പരിശോധിച്ചുവരികയാണ്