KeralaLatest News
കടുവയോ പുലിയോ ജനവാസ മേഖലയിലെത്തിയാൽ കേന്ദ്ര ചട്ടം പാലിക്കാനാകില്ല, ഉപാധികൾ അപഹാസ്യമെന്നും വനം മന്ത്രി

തിരുവനന്തപുരം: വന്യജീവി പ്രശ്നം – കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാകാത്തതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം അർധ സത്യങ്ങളും കാര്യങ്ങൾ മറച്ചു വെക്കുന്നതും മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്നതുമാണ്. വെടിവെക്കാൻ കേന്ദ്രം പറയുന്ന ചട്ടങ്ങൾ അപ്രായോഗികമാണ്.
കടുവ, പുലി എന്നിവ ജനവാസ കേന്ദ്രങ്ങളിൽ എത്തിയാൽ കേന്ദ്രം നിർദേശിച്ച ചട്ടങ്ങൾ പാലിക്കാൻ കഴിയില്ല. അപഹാസ്യമായ ഉപാധികളാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര നിർദേശം പാലിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. അത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കേന്ദ്ര നീക്കം കേരള സർക്കാരിന് എതിരാണെന്നും ഇതിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.