ഗതാഗതകുരുക്കും മഴയും തിരിച്ചടി; മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ കുറവ്

മൂന്നാര്‍: മധ്യവേനലവധി ആരംഭിച്ച് ഒരു മാസമായിട്ടും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍ കുറവ്. മൂന്നാറിലേക്കേറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുമെന്ന് പ്രതീക്ഷിക്കുന്ന കാലമാണ് മധ്യവേനലവധിക്കാലം.പരീക്ഷാ കാലത്തിന് ശേഷം സഞ്ചാരികള്‍ കൂടുതലായി എത്തുമെന്ന പ്രതീക്ഷയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിനോദസഞ്ചാരികളെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നടത്താറുമുണ്ട്. എന്നാല്‍ ഇത്തവണ മധ്യവേനലവധി ആരംഭിച്ച് ഒരു മാസമായിട്ടും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.
മധ്യവേനലവധി ആരംഭിച്ച ശേഷം വിഷു, ഈസ്റ്റര്‍ ദിവസങ്ങളില്‍ മാത്രമാണ് മൂന്നാറില്‍ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടത്. ഏകദിന സന്ദര്‍ശകരായിരുന്നു എത്തിയവരില്‍ ഭൂരിഭാഗവും. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയും ദേശീയപാതയിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കും സഞ്ചാരികളുടെ തിരക്കേറുന്നതോടെ മൂന്നാറിലുണ്ടാകുന്ന കുരുക്കും വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയായി. അതേ സമയം വേനല്‍മഴ പെയ്തതോടെ കോടമഞ്ഞ് മൂടുന്ന മൂന്നാറിന്റെ കാഴ്ച്ചക്ക് ഭംഗിയേറിയതായി സഞ്ചാരികള്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏപ്രില്‍ മാസത്തില്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ് മുറികളില്‍ സഞ്ചാരികള്‍ താമസിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി മൂന്നാര്‍, ചിന്നക്കനാല്‍, പള്ളിവാസല്‍ മേഖലകളില്‍ ഉച്ചകഴിഞ്ഞ് കനത്ത മഴ പതിവാണ്. കൂടാതെ കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ വീതി കൂട്ടലിന്റെ ഭാഗമായി നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്ത് പണികള്‍ ഊര്‍ജിതമായി നടക്കുന്നതിനാല്‍ മിക്ക സ്ഥലങ്ങളിലും ഗതാഗത തടസ്സം പതിവായതും മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവിനെ സാരമായി ബാധിച്ചു. മേയ് മാസത്തിലും സഞ്ചാരികളുടെ ബുക്കിങ് തീര്‍ത്തും കുറവാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.