കോവിലൂര്‍ ടൗണിന് സമീപം റോഡില്‍ രൂപം കൊണ്ടിട്ടുള്ള ചെളി യാത്രകാര്‍ക്ക് തടസ്സമാകുന്നു

മൂന്നാര്‍: ടോപ്പ് സ്റ്റേഷന്‍ വട്ടവട റോഡില്‍ കോവിലൂര്‍ ടൗണിന് സമീപം റോഡില്‍ രൂപം കൊണ്ടിട്ടുള്ള ചെളി യാത്രകാര്‍ക്ക് തടസ്സമാകുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് ടോപ്പ് സ്റ്റേഷന്‍ വട്ടവട റോഡില്‍ കോവിലൂര്‍ ടൗണിന് സമീപം റോഡിലേക്ക് മണ്ണും ചെളിയും ഒഴുകിയെത്തിയത്. നിരന്തരം വാഹനങ്ങള്‍ ഓടിയതോടെ ഈ ഭാഗം ചെളികുണ്ടായി മാറി. റോഡില്‍ രൂപം കൊണ്ടിട്ടുള്ള ചെളി യാത്രകാര്‍ക്ക് തടസ്സമാകുന്നുവെന്നാണ് പരാതി.
റോഡിലാകെ ചെളി വ്യാപിച്ചതോടെ ഇതു വഴി നടന്നു പോകുന്ന കാല്‍നടയാത്രികരാണ് പ്രയാസം ഏറെ അനുഭവിക്കുന്നത്. ഒഴുകിയെത്തിയ മണ്ണ് നീക്കാന്‍ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. റോഡിന് കൃത്യമായി ഓടയില്ലാത്തതാണ് മണ്ണും ചെളിയും റോഡിലേക്കൊഴുകിയെത്താന്‍ കാരണമെന്നാണ് ആക്ഷേപം. മഴ പെയ്യുന്നതോടെ വെള്ളം റോഡിലൂടെ നിരന്നൊഴുകുന്ന സാഹചര്യത്തിലാണ് മണ്ണും ചെളിയും കൂടി റോഡില്‍ വന്നടിയുന്നത്. മഴ പെയ്തതോടെ കോവിലൂര്‍ കൊട്ടാക്കമ്പൂര്‍ റോഡില്‍ വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യവും യാത്രകാര്‍ക്ക് തടസ്സമാകുന്നുണ്ട്.