വിഷുപ്പുലരി അടുത്തെത്തി; കൃഷ്ണ വിഗ്രഹം വാങ്ങാന്‍ തിരക്കോട് തിരക്ക്

അടിമാലി: വിഷു അടുത്തെത്തിയതോടെ വഴിയോരങ്ങളിലും വില്‍പ്പന ശാലകളിലുമെല്ലാം ശ്രീകൃഷ്ണ വിഗ്രഹങ്ങളും നിരന്നു കഴിഞ്ഞു. കൊന്നപ്പൂവും കണി വെള്ളരിയും ശ്രീകൃഷ്ണ വിഗ്രഹവും ചേര്‍ന്ന വിഷുക്കണിയുണ്ടെങ്കിലെ മലയാളികളുടെ വിഷുപ്പുലരിയും വിഷു ആഘോഷവും പൂര്‍ണ്ണമാകുകയുള്ളു. പുഞ്ചിരി തൂകുന്ന കൃഷ്ണ വിഗ്രഹത്തിലെ പുലര് കാഴ്ച്ച സമ്പദ് സമൃതിയുടെ നാളുകള്‍ സമ്മാനിക്കുമെന്നാണ് വിശ്വാസം. വിഷുപ്പുലരി അടുത്തെത്തിയതോടെ ഹൈറേഞ്ചിലും വ്യാപാരശാലകളിലും വഴിയോരങ്ങളിലുമെല്ലാം കൃഷ്ണ വിഗ്രഹങ്ങള്‍ വില്‍പ്പനക്കായി നിരന്നു കഴിഞ്ഞു. പല ഭാവത്തില്‍, വര്‍ണ്ണത്തില്‍, വലിപ്പത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങളാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. വിഷുപ്പുലരിക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൃഷ്ണ വിഗ്രഹങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു.
പാലക്കാട് അടക്കമുള്ള അയല്‍ ജില്ലകളില്‍ നിന്നാണ് കൃഷ്ണ വിഗ്രഹങ്ങള്‍ ഹൈറേഞ്ചിലെ വ്യാപാരശാലകളിലേക്ക് വില്‍പ്പനക്കെത്തുന്നത്. കൃഷ്ണ വിഗ്രഹ നിര്‍മ്മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന കാലം കൂടിയാണ് വിഷുക്കാലം. കൃഷ്ണ വിഗ്രഹങ്ങള്‍ക്കൊപ്പം രാധാകൃഷ്ണ വിഗ്രഹങ്ങള്‍ക്കും വിഷുക്കാലത്ത് ആവശ്യക്കാര്‍ ഏറെയുണ്ട്.