കുരങ്ങാട്ടിയില്‍ മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കുറവ് കുടുംബങ്ങളെ വലക്കുന്നു

അടിമാലി: അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന കുരങ്ങാട്ടി ആദിവാസി മേഖലയില്‍ മൊബൈല്‍നെറ്റ് വര്‍ക്കിന്റെ കുറവ് കുടുംബങ്ങളെ വലക്കുന്നു. നാളുകളായി ഈ മേഖലയില്‍ മൈബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം തീരെ ഉണ്ടായിരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ സമീപ മേഖലയില്‍ ഒരു ബി എസ് എന്‍ എല്‍ ടവര്‍ സ്ഥാപിക്കപ്പെട്ടു. ആശ്വാസമായെന്ന് കരുതി മറ്റ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചിരുന്നവരില്‍ പലരും ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്കിലേക്ക് മാറി. പക്ഷെ ബി എസ് എന്‍ എല്‍ ടവര്‍ സ്ഥാപിക്കപ്പെട്ടിട്ടും പറയത്തക്ക പ്രയോജനമില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.
കാട്ടാനയടക്കമുള്ള വന്യജീവികളുടെ ശല്യം സ്ഥിരമായുള്ള മേഖല കൂടിയാണ് കുരങ്ങാട്ടി. കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം ഈ മേഖലയില്‍ വിഹാരം നടത്താറുണ്ട്. വീടുകള്‍ക്കു നേരെയും കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സമയങ്ങളില്‍ മറ്റുള്ളവരെ വിവരമറിയിക്കാനോ ആശയവിനിമയം നടത്താനോ മൊബൈല്‍നെറ്റ് വര്‍ക്കിന്റെ അപര്യാപ്തത മൂലം കുടുംബങ്ങള്‍ക്ക് സാധിക്കാറില്ല. മഴക്കാലങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ നടന്നാലും മറ്റുള്ളവരോട് നേരിട്ടെത്തി വിവരം ധരിപ്പിക്കുകയേ നിര്‍വ്വാഹമുള്ളു.ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തി തങ്ങളുടെ ആശയവിനിമയ ക്ലേശം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നത്.