600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉൾപ്പെടുത്തി’; ദേശീയ പരീക്ഷാ ഏജൻസിയിൽ വൻ അഴിച്ചുപണി

ദേശീയ പരീക്ഷാ ഏജൻസിയിൽ വൻ അഴിച്ചുപണി. പരീക്ഷാ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർണായക നിർദേശം. പരീക്ഷാ നടത്തിപ്പ് സമിതിയിൽ അഴിച്ചു പണി. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉൾപ്പെടുത്തി. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാൻ 4-ടയർ പരിശോധനാ സംവിധാനം ഏർപ്പെടുത്തും.എൻടിഎ ഓഫീസുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. സുരക്ഷാ ചുമതല സിഐഎസ്എഫിന് നൽകും. അടുത്ത 2–3 ആഴ്ചകൾക്കുള്ളിൽ 20 മുതൽ 25 വരെ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും.
NTA ഡയറക്ടർ ജനറൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഇക്കാര്യങ്ങൾ അറിയിച്ചു. വിദഗ്ധർ ചോദ്യപേപ്പർ ചോർച്ച നടത്തിയെന്ന സിബിഐ കണ്ടെത്തലിനു പിന്നാലെയാണ് നടപടി.പരീക്ഷകൾ പൂർണ്ണ സുരക്ഷയോടെയും പഴുതുകളടച്ചും നടത്തണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടിരുന്നു. യു.ജി.സി. നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെയുളള ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. പരീക്ഷാനടപടികൾ സമഗ്രമായി പരിശോധിക്കാനും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും എൻ.ടി.എയോട് അദ്ദേഹം നിർദ്ദേശിച്ചു.
ചോദ്യപ്പേപ്പർ തയ്യാറാക്കൽ ഉൾപ്പെടെയുള്ള രഹസ്യസ്വഭാവമുള്ള കാര്യങ്ങളിൽ നിലവിലുള്ള രീതികൾ പൊളിച്ചെഴുതണമെന്നും, ഇതിനായി പ്രത്യേക മുറികൾ, ഫോണുകളും മറ്റ് സാമഗ്രികളും ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ തുടങ്ങിയ സുരക്ഷാ പ്രോട്ടോകോളുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.അതേസമയം, നീറ്റ് ബിരുദ പരീക്ഷാ ചോർച്ചയ്ക്കും യു.ജി.സി നെറ്റ് പരീക്ഷകളിലെ വീഴ്ചകൾക്കും പിന്നാലെ എൻ.ടി.എയിൽ വലിയ അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്. പരീക്ഷാ നടത്തിപ്പ് സംവിധാനം പൂർണ്ണമായും പരിഷ്കരിക്കുന്നതിന്റെ ഭാഗമായി 50-ലധികം ജീവനക്കാരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്താക്കി. പത്തോളം പ്രധാന നേതൃസ്ഥാനങ്ങളിലേക്ക് പ്രൊഫഷണലുകളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്



