അവകാശ പ്രഖ്യാപന യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്; മാങ്കുളത്തും ജനകീയ പ്രതിഷേധം

അടിമാലി: പഴയ ആലുവ മൂന്നാര്‍ രാജപാത യാത്രക്കായി തുറന്നു നല്കണമെന്നാവശ്യപ്പെട്ടും ഈ ആവശ്യം ഉന്നയിച്ച് ഈ മാസം 16ന് പൂയംകുട്ടിമുതല്‍ നടത്തിയ അവകാശ പ്രഖ്യാപന യാത്രയില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ക്കെതിരെയും കോതമംഗലം രൂപത മുന്‍ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിനെതിരെയും മറ്റാളുകള്ക്കെതിരെയും കേസെടുത്ത പോലീസ്, വനംവകുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് മാങ്കുളത്ത് ആലുവ മൂന്നാര്‍ രാജപാത മാങ്കുളം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് പന്തംകൊളുത്തി പ്രകടനം നടത്തി.

മാങ്കുളം റേഷന്‍കട സിറ്റിയില്‍ നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. പന്തംകൊളുത്തിയുള്ള പ്രതിഷേധ പ്രകടനം ജനകീയ സമിതി കൺവീനർ ഫാ. ജോർജ് കൊല്ലം പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സമരസമിതി ഭാരവാഹികൾ, വ്യാപാരികൾ, വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ, വിവിധ സംഘടന ഭാരവാഹികൾഎന്നിവര്‍ പ്രതിഷേധത്തിൽ പങ്കെടുത്തു.

രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 16ന് സാമൂഹിക, രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നടന്ന അവകാശ പ്രഖ്യാപന യാത്ര വന്‍ ജനമുന്നേറ്റമായി മാറിയിരുന്നു. രാജപാത തുറന്ന് സഞ്ചാരയോഗ്യമാക്കുന്നതില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കണമെന്ന ആവശ്യം ആലുവ മൂന്നാര്‍ രാജപാത മാങ്കുളം ജനകീയ സമിതിയും മുമ്പോട്ട് വയ്ക്കുന്നു.
