
മൂന്നാര്‍: ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട.എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സൂര്യകാന്തി പൂക്കളും സമൃദ്ധമായി വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ഷകനായ ശിവകുമാര്‍. ശിവകുമാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയ സൂര്യകാന്തിച്ചെടികളത്രയും പൂവിട്ട് കഴിഞ്ഞു. ക്യാരറ്റും ക്യാബേജുമെല്ലാം സമൃദ്ധമായി വിളയുന്ന മണ്ണാണ്ണ് വട്ടവടയിലേത്. ശീതകാല പച്ചക്കറികളുടെ വിളനിലം.

തട്ടുതട്ടായി കൃഷിയിടങ്ങള്‍ ഒരുക്കിയിട്ടുള്ള വട്ടവടയുടെ ഭൂ പ്രകൃതി ഏറെ മനോഹരമാണ്.ഈ കാഴ്ച്ചകള്‍ കണ്ട് വട്ടവടയുടെ കുളിരാശ്വദിച്ച് മടങ്ങാനാണ് സഞ്ചാരികള്‍ വട്ടവടയിലേക്കെത്തുന്നത്. എന്നാല്‍ വട്ടവടയിലെ കര്‍ഷകനായ ശിവകുമാറിന്റെ കൃഷിയിടത്തില്‍ ശീതകാല പച്ചക്കറികളും സ്ട്രോബറിയും മാത്രമല്ല സൂര്യകാന്തി പൂക്കളും അഴക് വിരിയിച്ച് നില്ക്കുന്ന കാഴ്ച്ച ആരെയും ആകര്‍ഷിക്കുന്നതാണ്.

താന്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിത്തിറക്കിയ സൂര്യകാന്തിച്ചെടികളാണ് പൂവിട്ടിങ്ങനെ മനോഹരമായി നില്‍ക്കുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു.നിരനിരയായി പൂവിട്ടു നില്ക്കുന്ന വലിപ്പമേറിയ സൂര്യകാന്തിച്ചെടികള്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്.

സൂര്യകാന്തി പൂക്കളുടെ ഭംഗിയാസ്വദിക്കാന്‍ സഞ്ചാരികളും ശിവകുമാറിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നുണ്ട്. കൂടുതല്‍ കര്‍ഷകര്‍ സൂര്യകാന്തി കൃഷിയിലേക്ക് തിരിഞ്ഞാല്‍ സഞ്ചാരികളെ അധികമായി കൃഷിയിടങ്ങളിലേക്കാകര്ഷിക്കാമെന്ന് ശിവകുമാര്‍ പറയുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും ഒപ്പം സൂര്യകാന്തി പൂക്കളും വട്ടവടക്കിപ്പോള് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്.